കൊച്ചി: കാക്കനാട്ട് ബസിടിച്ച് ഐടി ജീവനക്കാരി മരിച്ച സംഭവത്തിൽ കടുത്ത നടപടി വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ പോലീസ് ഉരുക്കുമുഷ്ടി ഉപയോഗിക്കണം. ജനങ്ങളോട് വീഡിയോ എടുക്കാൻ പറയണം. കാക്കനാട് അപകടത്തിലെ ഡ്രൈവർ മയക്കുമരുന്ന് കേസ് ഉൾപ്പടെ എട്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞദിവസം കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ കുളക്കാട്ടുമൂലയ്ക്ക് വെച്ച് സ്വകാര്യ ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിയായ അക്ഷര മരിച്ചിരുന്നു. ഈ സംഭവത്തിലാണ് കോടതിയുടെ കർശന വിമർശനം. സ്വകാര്യ ബസുകൾ കില്ലിങ് മെഷീൻ ആകരുതെന്ന് കോടതി പറഞ്ഞു. കൊല്ലപ്പെട്ട അക്ഷരയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായി ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.
സ്മാർട്ട് ഐഡി ഉള്ളവർക്ക് മാത്രമേ ബസ് ഓടിക്കാൻ അനുവാദം നൽകാൻ പാടുള്ളൂവെന്ന് കോടതി നിർദ്ദേശിച്ചു. അതേസമയം, ജീവനക്കാരി മരിച്ച അപകടത്തിൽപ്പെട്ട ബസ് ഡ്രൈവർ സ്മാർട്ട് ഐഡിക്കായി അപേക്ഷിച്ചിരുന്നുവെന്നാണ് വിവരം. ഇയാൾക്കെതിരെയുള്ള കേസുകൾ മറച്ചുവെച്ചുകൊണ്ടാണ് ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്.
പൊതുജനങ്ങൾക്കും ഈ അപകടകരമായ യാത്രകളുടെ ദൃശ്യങ്ങൾ എടുത്ത് പോലീസ് സംവിധാനത്തിലേക്ക് നൽകാൻ വേണ്ടി ഒരു നമ്പർ അത് എല്ലാ സ്വകാര്യ ബസുകളിലും പ്രദർശിപ്പിക്കണം. അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ബസുകളിൽ ഏർപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം




































