ജറുസലേം: ഇസ്രയേലിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായിരിക്കെ, അപ്രതീക്ഷിത നീക്കവുമായി ഐസൻകോട്ട്. പുതിയ സർക്കാരുണ്ടാക്കാൻ നെതന്യാഹുവിന്റെ പാർട്ടിയായ ലിക്കിഡുവിനോട് ഐസൻകോട്ട് പിന്തുണ തേടി.
സർക്കാർ രൂപീകരിക്കാൻ യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ പ്രസിഡണ്ട് ഐസക് ഹെർസോഗ് ക്ഷണിച്ചതോടെയാണ് ശ്രമങ്ങളുടെ വേഗം വർധിപ്പിച്ചത്. ഇതോടെ ഐസൻകോട്ട് തിരഞ്ഞെടുപ്പിലെ മുഖ്യ എതിരാളിയായ ബെന്യാമിൻ നെതന്യാഹുവിന്റെ പാർട്ടിയെ തന്റെ സഖ്യ സർക്കാരിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് വ്യക്‌തമാക്കുകയായിരുന്നു.
ജറുസലേമിൽ പ്രസിഡണ്ടിന്റെ ഓഫീസിൽ ഞായറാഴ്‌ച നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് നെതന്യാഹുവിന്റെ പാർട്ടിയെയും ഒപ്പം കൂട്ടാൻ മടിയില്ലെന്ന് ഗാദി ഐസൻകോട്ട് വ്യക്‌തമാക്കിയത്. നെതന്യാഹുവിന്റെ മന്ത്രിസഭയിലെ തീവ്രവലതുപക്ഷ ധനമന്ത്രി ബെസലേൽ സ്‌മോട്രിചിനെയും ഒപ്പം കൂട്ടാൻ മടിയില്ലെന്ന് ഐസൻകോട്ട് സൂചിപ്പിച്ചു.
”പ്രസിഡണ്ടിനോട് വ്യക്‌തമാക്കിയതുപോലെ, ഇത് ഒരുമിച്ചുനിൽക്കേണ്ട സമയമാണെന്ന് ലിക്കുഡ്, റിലീജിയസ് സയനിസ്‌റ്റ് പാർട്ടികളിലെ അംഗങ്ങൾ ആത്‌മാർഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ, എന്റെ നേതൃത്വത്തിലുള്ള സർക്കാരിനെയും ഞാൻ മുന്നോട്ടുവെച്ച നയങ്ങളെയും അവർ പിന്തുണയ്‌ക്കാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല”- ഐസൻകോട്ട് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായിരുന്ന ഐസൻകോട്ടിന് പുതിയ സർക്കാർ രൂപീകരിക്കാൻ ആറാഴ്‌ചത്തെ സമയമാണുള്ളത്. ജനതാൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ടും മുന്നോട്ടുപോകുമെന്നും ഐസൻകോട്ട് ഉറപ്പ് നൽകി.
വിവിധ പാർട്ടികളുമായി മാരത്തൺ ചർച്ച നടത്തിയ പ്രസിഡണ്ട് ഇസാക്ക് ഹെർസോഗ് സർക്കാർ ഉണ്ടാക്കാനുള്ള ആദ്യ അവസരം ഐസൻകോട്ടിന് നൽകുകയായിരുന്നു. 28 ദിവസമാണ് സമയം. ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടിക്കിട്ടും.
Most Read| സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്‌സുകൾക്ക് സർക്കാർ അനുമതി വേണ്ട






































