കിഷ്‌ത്വാറിൽ കാണാതായ പോലീസ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ട നിലയിൽ; ഭീകരർക്കായി തിരച്ചിൽ

ദച്ചൻ സ്വദേശികളായ രാഷ്‌പൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരാണ് വീരമൃത്യു വരിച്ചത്.

By Senior Reporter, Malabar News
Terrorist Were Arrested From Baramulla In Jammu Kashmir

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ വെച്ച് കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്‌ഥരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദേഹമാസകലം വെടിയേറ്റ നിലയിലാണ് ഇവരെ വനമേഖലയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്‌ഥർ കണ്ടെത്തിയത്. ധേർണ പോസ്‌റ്റിലേക്ക് പോകുന്നതിനിടെ, ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുക ആയിരുന്നുവെന്നാണ് കരുതുന്നത്.

ദച്ചൻ സ്വദേശികളായ രാഷ്‌പൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഉദ്യോഗസ്‌ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരെ കണ്ടെത്താനായി സൈന്യവും പോലീസും സിആർപിഎഫും ചേർന്ന് പ്രദേശത്ത് വിപുലമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കിഷ്‌ത്വാറിലെ മർവാർ മേഖലയിലുള്ള ദേഹാർന വനമേഖലയിൽ ബുധനാഴ്‌ച ഉച്ചതിരിഞ്ഞ് പട്രോളിങ്ങിനായി പോയ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അംഗങ്ങളായിരുന്നു ഇരുവരും. കിയാർ ദച്ചനിൽ നിന്ന് ഇന്ദർവാൻ പ്രദേശത്തുള്ള ബസ്‌നാനിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. ബസ്‌നാനിൽ വിന്യസിച്ചിരുന്ന കരസേനയുടെ 17 രാഷ്‌ട്രീയ റൈഫിൾസ് സംഘത്തിന് പകരം ചുമതലയേൽക്കാനാണ് ഇവർ പോയിരുന്നത്.

ബുധനാഴ്‌ച ഉച്ചതിരിഞ്ഞ് ഏകദേശം 3.30ഓടെ വനമേഖലയിൽ വെടിവയ്‌പ്പ് നടന്നതായി ശബ്‌ദം കേട്ടിരുന്നുവെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ മർവാർ മേഖലയിലെ എയർടെൽ മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങളും തടസപ്പെട്ടു. പിന്നാലെയാണ് രണ്ട് ഉദ്യോഗസ്‌ഥരെ കുറിച്ചും വിവരങ്ങൾ ലഭ്യമല്ലാതായത്‌.

ഫോണിലും ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ വൈകീട്ട് ഏഴുമണിയോടെ സ്‌റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഒരു എസ്ഒജി സംഘം സംഭവ സ്‌ഥലത്തേക്ക്‌ തിരിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ ദച്ചൻ വനമേഖലയിൽ നിന്ന് വെടിയേറ്റ നിലയിൽ ഉദ്യോഗസ്‌ഥരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ ആയുധങ്ങളും കാണാതായിട്ടുണ്ട്.

ദോഡാ മേഖലയിൽ തീവ്രവാദം ശക്‌തമായിരുന്ന സമയത്ത് കിഷ്‌ത്വാറിലെ ദച്ചൻ, മർവാർ തുടങ്ങിയ ഉയർന്ന മലനിരകൾ ഹിസ്ബുൽ മുജാഹിദീൻ ഭീകരരുടെ പ്രധാന താവളമായിരുന്നു. അതിനാൽ പ്രദേശം വളഞ്ഞ് തിരച്ചിൽ തുടരുകയാണ്. പാക്ക് ഭീകരർ മേഖലയിൽ ഉണ്ടാകാമെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ.

അതിനിടെ, ഇന്നലെ കശ്‌മീരിലെ കുൽഗാം ജില്ലയിൽ ഭീകരാക്രമണത്തെ റിപ്പോർട് ചെയ്‌തിരുന്നു. കുൽഗാമിലെ ചെക്ക് പോസ്‌റ്റിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് 2.15ഓടെയാണ് വെടിവയ്‌പ്പ് നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ സിആർപിഎഫ് ജവാൻമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE