തിരുവനന്തപുരം: റാങ്ക് പട്ടികയിലെ നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തിവരുന്ന സമരം കൂടുതൽ ശക്തമാകുന്നു. സമരത്തിൽ പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നത്.
പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡിവൈഎഫ്ഐക്കും എൽപിഎസ്ടി സമരസമിതിക്കും എതിരെയാണ് കേസ്. കഴിഞ്ഞദിവസം രാത്രി പോലീസ് സമരപ്പന്തൽ അഴിച്ചുമാറ്റിയിരുന്നു. എന്നാൽ, പൊളിച്ചു മാറ്റി മണിക്കൂറുകൾക്കധികം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇത് വീണ്ടും കെട്ടിയിരുന്നു. പോലീസിനെ തടഞ്ഞതിന് യുവമോർച്ചക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയാണ് പോലീസെത്തി സമരപ്പന്തൽ ബലമായി പൊളിച്ച് നീക്കിയത്. പിന്നാലെ നിരാഹാര സമരം നടത്തുന്ന വളർമതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗാർഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉദ്യോഗാർഥികൾ.
അതേസമയം, സുപ്രീം കോടതിയുടെ വിധി പ്രകാരമാണ് പന്തൽ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താൽക്കാലിക പന്തൽ പൊളിച്ചില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. നടക്കാനുള്ള അവകാശം നിഷേധിച്ച് പന്തൽ കെട്ടിയാൽ പൊളിക്കണമെന്നാണ് കോടതി നിർദ്ദേശം. കോടതി അലക്ഷ്യത്തിന് ഉദ്യോഗസ്ഥർക്കെതിരെ കേസ് വന്നതോടെയാണ് നടപടിയെന്നും നിരവധി പ്രാവശ്യം നോട്ടീസ് നൽകിയ ശേഷമാണ് പന്തൽ പൊളിച്ചതെന്നും സിറ്റി പോലീസ് കമ്മീഷണർ അരുൺബി കൃഷ്ണ പറഞ്ഞു.
സമരം ആരംഭിച്ച് 129ആം ദിവസമാണ് സമരപ്പന്തൽ പോലീസ് പൊളിച്ചത്. പോലീസ് നടപ്പാക്കുന്നത് സർക്കാരിന്റെ വാക്കുകളാണെന്നും പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നതിൽ വിരോധമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും വളർമതി പ്രതികരിച്ചു. ഇന്ന് പോലീസ് നടപടിക്കെതിരെ കൂടുതൽ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത.
എൽപി സ്കൂൾ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാറായിട്ടും മതിയായ നിയമനങ്ങൾ നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി വളർമതി തലമുണ്ഡനം ചെയ്ത് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്

































