അരാക്‌നോളജി അന്താരാഷ്‌ട്ര കോൺഗ്രസിന് തുടക്കം; ഇന്ത്യയിൽ ആദ്യ വേദിയായി കൊച്ചി

ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്‌ഥിതിയുടെ സങ്കീര്‍ണമായ സന്തുലിതാവസ്‌ഥ മനസിലാക്കുന്നതിനും അരാക്‌നോളജി പോലുള്ള ശാസ്‌ത്രശാഖകളിലെ ഗവേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി റോജി എം. ജോണ്‍ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.

By Senior Reporter, Malabar News
23rd International Congress of Arachnology
കൊച്ചി ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്ന അരാക്‌നോളജിയുടെ 23ആമത് അന്താരാഷ്‌ട്ര കോൺഗ്രസ്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉൽഘാടനം ചെയ്യുന്നു / Image Courtesy: ICA

കൊച്ചി: ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്‌നോളജിയുടെ 23ആമത് അന്താരാഷ്‌ട്ര കോൺഗ്രസിന് കൊച്ചിയിൽ തുടക്കമായി. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 50 രാജ്യങ്ങളിൽ നിന്നായി 200ലധികം ശാസ്‌ത്രജ്‌ഞരും ഗവേഷകരും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇതില്‍ 140-ഓളം പേര്‍ വിദേശ പ്രതിനിധികളാണ്. കൊച്ചി ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ ഒരാഴ്‌ച നീളുന്ന സമ്മേളനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉൽഘാടനം ചെയ്‌തു.

ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്‌ഥിതിയുടെ സങ്കീര്‍ണമായ സന്തുലിതാവസ്‌ഥ മനസിലാക്കുന്നതിനും അരാക്‌നോളജി പോലുള്ള ശാസ്‌ത്രശാഖകളിലെ ഗവേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി റോജി എം ജോണ്‍ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. സാങ്കേതികവിദ്യയിലും ശാസ്‌ത്രത്തിലും അഭൂതപൂര്‍വമായ പുരോഗതി കൈവരിക്കുന്ന ഇക്കാലത്ത് മനുഷ്യനാഗരികത പ്രകൃതിയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നല്ലെന്ന അടിസ്‌ഥാന യാഥാര്‍ഥ്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചിലന്തികളും മറ്റ് അരക്‌നിഡുകളും പ്രാണികളുടെ എണ്ണം നിയന്ത്രിക്കുന്നതിലും ഭക്ഷ്യശൃംഖലയുടെ സന്തുലിതാവസ്‌ഥ നിലനിര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്നവയാണ്. ജൈവവൈവിധ്യ നഷ്‌ടം, കാലാവസ്‌ഥാ വ്യതിയാനം, പരിസ്‌ഥിതി നാശം തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ അധികം ശ്രദ്ധിക്കപ്പെടാത്ത ജീവിവര്‍ഗങ്ങളെക്കുറിച്ചുള്ള ശാസ്‌ത്രീയ പഠനങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സര്‍വകലാശാലകളും കോളേജുകളും ബിരുദങ്ങള്‍ നല്‍കുന്ന സ്‌ഥാപനങ്ങള്‍ എന്നതിലുപരി വിജ്‌ഞാനസൃഷ്‌ടിയുടെയും വിമര്‍ശനാത്‌മക അന്വേഷണത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രങ്ങളായി മാറണം. കാലാവസ്‌ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ സങ്കീര്‍ണമായ വിഷയങ്ങളെ അഭിമുഖീകരിക്കാന്‍ വിവിധ വിജ്‌ഞാനശാഖകള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണ്. ശാസ്‌ത്രീയ കണ്ടെത്തലുകള്‍ സാമൂഹികമായ മാറ്റങ്ങളിലേക്ക് നയിക്കാന്‍ ഫലപ്രദമായ നയങ്ങളും ഭരണസംവിധാനങ്ങളും പൊതുജനപങ്കാളിത്തവും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് അരാക്‌നോളജിയുടെ പ്രസിഡന്റ് ഡോ. റോസ്‌മേരി ജി. ഗില്ലസ്‌പി അധ്യക്ഷത വഹിച്ചു. യൂറോപ്പിലും വടക്കേ അമേരിക്കയിലും കേന്ദ്രീകരിച്ചിരുന്ന സംഘടനയെ ആഗോള ശാസ്‌ത്രസമൂഹമാക്കി മാറ്റുകയാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് അരാക്‌നോളജിയുടെ പ്രധാന ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.

തൃക്കാക്കര ഭാരതമാതാ കോളേജും കുറവിലങ്ങാട് ദേവമാതാ കോളേജും സംയുക്‌തമായാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ചിലന്തികള്‍, തേളുകള്‍, ഹാര്‍വെസ്‌റ്റ്‌മെന്‍, മൈറ്റുകള്‍, ടിക്കുകള്‍ തുടങ്ങിയ അരക്‌നിഡ് വിഭാഗത്തില്‍പ്പെടുന്ന ജീവികളുടെ ജൈവവൈവിധ്യം, പരിസ്‌ഥിതിശാസ്‌ത്രം, പരിണാമം, സംരക്ഷണം തുടങ്ങിയ മേഖലകളിലെ പുതിയ ഗവേഷണങ്ങളും കണ്ടെത്തലുകളും സമ്മേളനം ചര്‍ച്ച ചെയ്യും.

ഭാരതമാതാ കോളേജ് ഗവേണിങ് ബോഡി അംഗവും എറണാകുളം അങ്കമാലി അതിരൂപത വികാര്‍ ജനറല്‍ ഡോ. ആന്റോ ചേരന്തുരുത്തി, പ്രിന്‍സിപ്പല്‍ ഡോ. സൗമ്യ തോമസ്, അരാക്‌നോളജി വിഭാഗം സീനിയര്‍ സയന്റിസ്‌റ്റും സംഘാടക സമിതി കണ്‍വീനറുമായ ഡോ. മാത്യു എംജെ, ദേവമാതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രിയ ജോസഫ്, സുവോളജി വിഭാഗം പ്രൊഫസറും സയന്റിഫിക് കമ്മിറ്റി കണ്‍വീനറുമായ ഡോ. സുനില്‍ ജോസ് കെ. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Health| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്‌റൂമിനെ ഗൗരവമായി പരിഗണിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE