ജറുസലേം: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ പാർട്ടിയായ ലികുഡിനെ ചർച്ചയ്ക്ക് ക്ഷണിച്ച് ഗാദി ഐസൻകോട്ട്. ഇന്ന് മുതൽ ചർച്ചകൾ ആരംഭിക്കാനാണ് തീരുമാനം. ഐസൻകോട്ടിന്റെ പാർട്ടിയായ യാഷറാണ് ലികുഡ് പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിച്ചത്.
രാജ്യത്ത് വിശാലമായ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ആത്മാർഥമായ ശ്രമത്തിന്റെ ഭാഗമാണ് ക്ഷണമെന്നാണ് യാഷർ പാർട്ടി പ്രസ്താവനയിൽ അറിയിച്ചത്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി ലികുഡ് പ്രതിനിധികളുമായി തുടർച്ചയായ ചർച്ചകൾ നടത്താൻ പാർട്ടിയുടെ ചർച്ചാ സംഘത്തിന് ഐസൻകോട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ഇരു പാർട്ടികളും പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. സഖ്യസർക്കാർ രൂപീകരിക്കുന്നതിൽ ആത്മാർഥതയില്ലെന്ന് ഇരുപക്ഷവും പരസ്പരം ആരോപിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ നിയമനിർമാണ നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്നും അറബ് പാർട്ടികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നും ലികുഡ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പങ്കാളിയാകില്ലെന്ന് ഐസൻകോട്ട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, നെതന്യാഹുവിന്റെ പാർട്ടിയിലെ മറ്റു അംഗങ്ങളെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കുന്നതിനോട് ആദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐസൻകോട്ട് പ്രധാനമന്ത്രിയാകുന്ന സാഹചര്യത്തിൽ ലികുഡ് അംഗങ്ങളുമായി സഖ്യമുണ്ടാക്കുന്നതാണ് പരിഗണനയിലുള്ള സാധ്യത.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































