കോഴിക്കോട്: നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്. പേരോട് നിന്നുള്ള വരനും സംഘവും തൂണേരിയിലെ വധുവിന്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചും ബാൻഡ്മേളം സംഘടിപ്പിച്ചും ആഘോഷം നടത്തിയതാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചത്.
പടക്കം പൊട്ടിച്ച വരന്റെ സുഹൃത്തുക്കളെ വധുവിന്റെ വീട്ടിലുണ്ടായിരുന്ന നാട്ടുകാർ തടയുകയായിരുന്നു. ഞായറാഴ്‌ചയായിരുന്നു സംഭവം. വധുവിന്റെ വീടിന് സമീപം മരണം നടന്ന വീട് ഉണ്ടെന്നും അതിനാൽ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കണമെന്നും നാട്ടുകാർ നേരത്തെ വരന്റെ കൂട്ടുകാരോടും മറ്റും ആവശ്യപ്പെട്ടിരുന്നു.
ഇത് അവഗണിച്ചും പടക്കം പൊട്ടിച്ചും ബാൻഡ്മേളവും ഉൾപ്പടെ ആഘോഷം നടത്തിയാണ് വരനും സംഘവും എത്തിയത്. ഇതോടെ വധുവിന്റെ വീട്ടിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ഇവരെ ചോദ്യം ചെയ്യുകയും തർക്കം അടിപിടിയിലേക്ക് നീങ്ങുകയുമായിരുന്നു. വിവരം അറിഞ്ഞ് സ്‌ഥലത്തെത്തിയ നാദാപുരം പോലീസാണ് സ്‌ഥിതിഗതികൾ ശക്‌തമാക്കിയത്. തുടർന്ന് മഹല്ല് കമ്മിറ്റി ഉൾപ്പടെ ചർച്ച നടത്തി ഒത്തുതീർപ്പിൽ എത്തുകയും ചെയ്‌തു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































