കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷൻ നടപടിയിൽ വിദ്യാർഥികൾക്ക് ആശ്വാസമായി ഹൈക്കോടതി വിധി. സസ്പെൻഷനിലായ വിദ്യാർഥികളെ ക്യാമ്പസിൽ പ്രവേശിപ്പിക്കാനും അവർക്കായി പ്രത്യേക പരീക്ഷ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. വിദ്യാർഥികളെ റഗുലർ ക്ളാസിൽ ഇരുത്താനും അനുമതി നൽകി.
സർവകശാല അന്വേഷണ റിപ്പോർട്ടും സസ്പെൻഷൻ നടപടികളും റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി. സർവകലാശാലയ്ക്ക് ആവശ്യമെങ്കിൽ പുതിയ അന്വേഷണം നടത്താമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണത്തിനിടെ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
സസ്പെൻഷൻ ചോദ്യം ചെയ്ത് കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികൾ പുതുക്കി നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഓഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. രണ്ടുമാസം കഴിഞ്ഞിട്ടും സസ്പെൻഷൻ പിൻവലിച്ചിരുന്നില്ല.
സസ്പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാം എന്നായിരുന്നു സിൻഡിക്കേറ്റിന്റെ നിബന്ധന. എന്നാൽ, മാപ്പപേക്ഷ നൽകില്ലെന്ന് സസ്പെൻഷനിലുള്ള വിദ്യാർഥികൾ പ്രതികരിച്ചിരുന്നു. ഇതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. കുട്ടികളെ സസ്പെൻഡ് ചെയ്തിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതിൽ സർവകലാശാലക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
Most Read| അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്ലേരിക്കെതിരെ നിയമനടപടി



































