ന്യൂഡെൽഹി: നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജുകൾ പ്രഖ്യാപിച്ച് ഇന്ത്യ. നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. നേപ്പാളിന്റെ ഭാവിയെ കുറിച്ചും ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള ഷായുടെ കാഴ്ചപ്പാടിനെ മോദി പ്രശംസിച്ചു.
നേപ്പാളിന്റെ വികസനത്തിനായി 36കാരൻ ബാലെൻ ഷായുടെ വീക്ഷണത്തെയും മോദി പ്രകീർത്തിച്ചു. നേപ്പാളിന്റെ വികസന യാത്രയിൽ ഇന്ത്യ എന്നും വിശ്വസ്ത പങ്കാളിയായിരിക്കുമെന്ന് മോദി ഉറപ്പ് നൽകി. തിങ്കളാഴ്ച ന്യൂഡെൽഹിയിൽ ഇരുനേതാക്കളും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാർച്ചിൽ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ബാലെൻ ഷാ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. കുറച്ച് മാസങ്ങൾക്ക് മുൻപ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗത്തിലൂടെ ബാലെൻ ഷായുടെ ദീർഘവീക്ഷണം വ്യക്തമായിരുന്നുവെന്ന് മോദി പറഞ്ഞു.
ഇന്ത്യ-നേപ്പാൾ ബന്ധത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടും പ്രതിബദ്ധതയും മനസിലാക്കൻ കഴിഞ്ഞു. റാപ്പറിൽ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ 36കാരനായ ബാലെൻ ഷായ്ക്ക് നേപ്പാളിലെ ജനങ്ങൾ നൽകിയ ചരിത്രപരമായ ജനവിധി അവിടുത്തെ യുവതലമുറയുടെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പ്രതീക്ഷയാണെന്നും മോദി കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആത്മീയ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി അയോധ്യയെയും നേപ്പാളിലെ പ്രശസ്തമായ തീർഥാടന കേന്ദ്രമായ ജനക്പൂരിനെയും ബന്ധിപ്പിക്കുന്ന സരയൂ-കമല എക്സ്പ്രസ് ട്രെയിൻ സർവീസ് ഇരുനേതാക്കളും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ലുംബിനി, ബോധ്ഗയ തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളെയും ശിവ-ശക്തി പരമ്പരാഗത തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതികൾക്കും ഇരു രാജ്യങ്ങളും സംയുക്തമായി തുടക്കം കുറിക്കും.
കൂടാതെ, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ നേപ്പാളുമായി ബന്ധിപ്പിക്കുന്ന റോഡ്, റെയിൽ, അതിർത്തി വികസന പദ്ധതികൾ വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ-നേപ്പാൾ ബന്ധം പുതിയ ഉയരങ്ങളിലേക്ക് കടക്കുമെന്നും ബാലെൻ ഷായും പറഞ്ഞു. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ അതിജീവിക്കാൻ ഹിമാലയൻ നദികളെ സംരക്ഷിക്കുന്നതിന് ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Most Read| കായികരംഗത്ത് വിസ്മയം തീർത്ത് വയോധിക ദമ്പതികൾ


































