കാഠ്‌മണ്ഡു: നേപ്പാളും ചൈനയും ഒപ്പുവെച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്(ബിആർഐ) കരാറിനെ ഇന്ത്യ എതിർക്കേണ്ടതില്ലെന്ന് നേപ്പാൾ. ബിആർഐ പദ്ധതിയിൽ നിന്ന് ഇന്ത്യക്ക് പ്രയോജനം ലഭിക്കുമെന്ന് നേപ്പാൾ വിദേശകാര്യ വകുപ്പ് മേധാവിയും ഉപപ്രധാനമന്ത്രിയുമായ രഘുബീർ മഹാസേത് പറഞ്ഞു. പ്രധാനമന്ത്രി കെപി ശർമ ഒലിയുടെ ബീജിങിലെ നാലു ദിവസത്തെ ഔദ്യോഗിക സന്ദർശന വേളയിൽ നൈചയുമായി മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കിയെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിആർഐ കരാറിൽ നേപ്പാളും ചൈനയും ബുധനാഴ്‌ച ഒപ്പുവച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചെെനയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പദ്ധതിയാണ് ബിആർഐ. എഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ നിരവധി രാജ്യങ്ങളെ ചെെനയുമായി ബന്ധിപ്പിക്കുന്ന മെച്ചപ്പെട്ട ഭൂഗർഭ, സമുദ്ര വ്യാപാര മാർഗങ്ങളുടെ ഒരു ശൃംഖലയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്. ഒരു ട്രില്യൺ ഡോളറാണ് ഈ പദ്ധതിക്കായി ചൈന തങ്ങളുടെ ബഡ്‌ജറ്റിൽ മാറ്റിവെച്ചത്.
പ്രധാനമന്ത്രി കെപി ഒലിയുടെ ചൈന സന്ദർശനത്തിന് ശേഷം ബിആർഐ നടപ്പാക്കൽ എന്ന പേരിൽ നടന്ന ഒരു സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ വിദേശകാര്യ മന്ത്രി കൂടിയായ രഘുബീർ മഹാസേത്. “ചൈനയുമായി ബിആർഐ കരാറിൽ നേപ്പാൾ ഒപ്പുവെക്കുന്നതിനോട് ഇന്ത്യ എതിർപ്പ് ഉന്നയിക്കേണ്ടതില്ല. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്നതിന് റെയിൽവേയും റോഡുകളും പോലുള്ള അടിസ്‌ഥാന സൗകര്യങ്ങൾ നിർമിച്ചാൽ, അത് ഇന്ത്യക്കും ഉപയോഗിക്കാനാകും. അതിനാൽ അത്തരമൊരു കരാറിനെ ഇന്ത്യ ഭയപ്പെടേണ്ട ആവശ്യമില്ല” രഘുബീർ മഹാസേത് പറഞ്ഞു.
കെരുങ്–കാഠ്‌മണ്ഡു, കാഠ്‌മണ്ഡു-രക്‌സോൾ റെയിൽവേ ലൈനുകൾ നിർമിച്ചാൽ ഇന്ത്യയ്‌ക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക, ചൈനീസ് സാധനങ്ങൾ ഒരു ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഇത് സഹായിക്കുമെന്നും അല്ലാത്തപക്ഷം ആഴ്‌ചകൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെരുങ് തെക്കൻ ടിബറ്റിലെ ഒരു പട്ടണമാണ്. രക്‌സോൾ ബിഹാറിലാണ്. ഇവ രണ്ടും പ്രധാന അതിർത്തി പ്രദേശ നഗരങ്ങളാണ്. അയൽരാജ്യങ്ങളായ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും എതിരായ പ്രവർത്തനങ്ങൾ നേപ്പാൾ തങ്ങളുടെ പ്രദേശത്ത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![KP Sharma Oli on BRI Agreement](https://cdn.malabarnews.com/wp-content/uploads/2024/12/07153037/KP-Sharma-Oli-on-BRI-Agreement.jpg)
അതേസമയം, ഈ അതി ബൃഹത്തായ ഉദ്യമം ഒന്നുകിൽ ചൈനയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്‌തിയാക്കുമെന്നും അല്ലെങ്കിൽ അവരുടെ ഭാവി തന്നെ തകർത്തേക്കാമെന്നുമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഏതറ്റം വരെയും പോകുമെന്ന ചെെനീസ് നിലപാടാണ് ഇത്തരമൊരു സംശയത്തിന് പിന്നിൽ. ബെൽറ്റ് ആന്റ് റോഡ് പദ്ധതിയിൽ രാജ്യങ്ങളെ വരുതിയിൽ നിർത്താനുള്ള ചെെനയുടെ ‘കടക്കെണി നയതന്ത്രം’ അത്തരമൊരു നടപടിയാണ്.
രണ്ട് രാജ്യങ്ങൾ തമ്മിലുളള ഉഭയക്ഷി ബന്ധം ചൂഷണം ചെയ്‌ത് ഒരു രാജ്യം മറ്റൊരു രാജ്യത്തിന് തിരിച്ചടക്കാൻ കഴിയാത്ത രീതിയിലുള്ള ഭീമമായ തുക വായ്‌പകൾ നൽകുന്നു. ഇങ്ങനെ ആ രാജ്യത്തെ തങ്ങളുടെ അധീനതയിലാക്കുന്ന നയതന്ത്ര രീതിയെയാണ് ‘ഡെപ്റ്റ്-ട്രാപ്പ് ഡിപ്‌ളോമസി’ അഥവാ കടക്കെണി നയതന്ത്രം എന്ന് അറിയപ്പെടുന്നത്. ഇത്തരമൊരു കടക്കെണിയിലൂടെ നേപ്പാളിനെ സ്വന്തംകാൽക്കീഴിൽ കൊണ്ടുവരാനുള്ള ഒരു തന്ത്രമായാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) കരാറിനെ പലരും വീക്ഷിക്കുന്നത്.
മുൻപ് ശ്രീലങ്കയുടെ പ്രസിഡണ്ടായിരുന്ന മഹീന്ദ രാജപക്‌സെ രാജ്യത്തെ വിദഗ്‌ധരും ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളും എതിർത്ത തുറമുഖ പദ്ധതിക്കായി ചെെനയിൽ നിന്ന് വായ്‌പ എടുത്തിരുന്നു. ശ്രീലങ്കയുടെ കടം റോക്കറ്റുപോലെ കുതിക്കുന്ന കാലത്തായിരുന്നു ഇത്. ഈ പദ്ധതിക്ക് സഹായിക്കാനാകില്ലെന്ന നിലപാടെടുത്ത രാജ്യങ്ങളെ പിന്തള്ളിയാണ് ചെെന വായ്‌പ അനുവദിച്ചത്.
![Xi Jinping on BRI Agreement](https://cdn.malabarnews.com/wp-content/uploads/2024/12/07153512/Xi-Jinping-on-BRI-Agreement.jpg)
ബീജിങ്ങിലെ സർക്കാർ ഉടമസ്‌ഥതയിലുള്ള ‘ചൈന ഹാർബർ എഞ്ചിനീയറിങ്’ കമ്പനിയുമായി ചേർന്നുള്ള, വർഷങ്ങളോളം നീണ്ട നിർമാണ പ്രവർത്തനങ്ങള്‍ക്കു ശേഷം പ്രവർത്തനമാരംഭിച്ച ഹംബന്തോട്ട തുറമുഖ വികസന പദ്ധതി വിദഗ്‌ധർ പ്രവചിച്ചതുപോലെതന്നെ വലിയ പരാജയമായി മാറുകയായിരുന്നു. പതിനായിരക്കണക്കിന് കപ്പലുകൾ കടന്നുപോകുന്ന കപ്പൽ പാതകളുള്ള മേഖലയിൽ ഹംബന്തോട്ട തുറമുഖത്തിലേക്ക് 2012ൽ ആകെ എത്തിയത് 34 കപ്പലുകൾ മാത്രമായിരുന്നു.
പദ്ധതിയുടെ പരാജയത്തോടെ ചെെനയിൽ നിന്ന് എടുത്ത വായ്‌പകൾ തിരിച്ചടക്കാൻ പറ്റാത്ത അവസ്‌ഥയിലേക്ക് ശ്രീലങ്ക എത്തി. 2015ൽ രാജപക്‌സെ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് അധികാരമൊഴിഞ്ഞു. ശ്രീലങ്കയിൽ പുതിയ സർക്കാരും അധികാരമേറ്റു. എന്നാൽ ശ്രീലങ്കയിലെ പുതിയ സർക്കാർ രാജപക്‌സെ എടുത്ത കടം തിരിച്ചടയ്‌ക്കാൻ പാടുപെട്ടു. ചൈനക്കാരുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം കടുത്ത സമ്മർദ്ദത്തെ തുടർന്ന് 99 വർഷത്തേക്ക് തുറമുഖവും 15,000 ഏക്കർ ഭൂമിയും ശ്രീലങ്കൻ സർക്കാർ ചെെനയ്ക്ക് കൈമാറി. അങ്ങനെ തന്തപ്രധാനമായ മേഖലയിലുള്ള ആ തുറമുഖം ചൈനയുടേതായി മാറുകയായിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് വലിയ തലവേദനയാണ് ഇത് സൃഷ്‌ടിക്കുന്നത്.
ഇത്തരമൊരു നീക്കമായാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്(ബിആർഐ) കരാറിനെയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കാണുന്നത്. എന്തായാലും 2013ൽ ചെെനീസ് പ്രസിഡണ്ട് ഷീ ജിൻപിങ് പ്രഖ്യാപിച്ച തന്റെ ഏറ്റവും വലിയലക്ഷ്യമായ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതി മുന്നോട്ടു കൊണ്ടുപോകുകയാണ്.
MOST READ | സംസ്‌ഥാനത്തെ വർധിപ്പിച്ച വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ