ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായിരുന്ന ചേതന്‍ ചൗഹാന് കോവിഡ് ബാധിച്ച് മരിച്ചു. 36 മണിക്കൂറോളമായ് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്.73 വയസായിരുന്നു.
ജൂലൈ അവസാനം കോവിഡ് സ്ഥിരീകരിച്ച ചൗഹാനെ ലക്നൗവിലുള്ള സഞ്ജയ് ഗാന്ധി പി. ജി.ഐ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയോടെ ആരോഗ്യനില വഷളായ ഇദ്ദേഹത്തിന്റെ വൃക്കകളുടെയും ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം തകരാറിലായിരുന്നു.
12 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ നിന്നായ് 2084 റണ്‍സും 16 അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളായിരുന്നു ചൗഹാന്. സുനില്‍ ഗവാസ്കറുമായ് ചേര്‍ന്നുള്ള ഇദ്ദേഹത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ടില്‍ നിന്നും 12 സെഞ്ച്വറി കൂട്ടുകെട്ടുകളും 3,000തിലധികം റണ്‍സും നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി 40 ടെസ്റ്റുകളില്‍ ചൗഹാന് പാഡണിഞ്ഞിട്ടുണ്ട്.
ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ വിവിധ ചുമതലകളില്‍ ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2001ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമിന്റെ മാനേജറായും ചുമതല വഹിച്ചു. ഉത്തര്‍പ്രദേശിലെ അമോറയില്‍ നിന്നും 1991ലും 1998ലും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1981ല്‍ രാജ്യം ഇദ്ദേഹത്തിന് അര്‍ജുനപുരസ്കാരം നല്കി ആദരിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ചേതന്‍ ചൗഹാന്.