കൊച്ചി: തിങ്കളാഴ്ച സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കെ യാത്രാ നിരക്ക് കുറച്ചു കൊച്ചി മെട്രോ റെയില്‍വേ. ഏറ്റവും കൂടിയ നിരക്ക് 60 രൂപയായിരുന്നത് കുറച്ച് 50 രൂപയാക്കി. വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം കൂടി ഇളവും ലഭിക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തി വച്ച മെട്രോ സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്നത്.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസുകള്‍ പുനരാരംഭിക്കുക. സീറ്റുകളില്‍ സാമൂഹിക അകലം പാലിച്ച് യാത്രക്കാര്‍ക്ക് ഇരിക്കുവാനുള്ള തയാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തികരിച്ചിട്ടുണ്ട്. സര്‍വീസ് ആരംഭിക്കുന്ന ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ രാത്രി എട്ടിന് സര്‍വീസ് അവസാനിക്കും.യാത്രക്കാരുടെ തിരക്ക് എത്രയുണ്ടെന്നു പരിശോധിച്ചു സര്‍വീസ് പൂര്‍വസ്ഥിതിയില്‍ ആക്കിയാല്‍ മതിയെന്നാണു തീരുമാനം.
ട്രെയിനിന്റെ വാതില്‍ സ്റ്റേഷനുകളില്‍ 20 സെക്കന്‍ഡ് തുറന്നിടും. ട്രെയിനിലെ വായുസഞ്ചാരം മെച്ചപ്പെടുത്താനും ആളുകള്‍ക്കു തിരക്കുണ്ടാക്കാതെ കയറാനും ഇറങ്ങാനും വേണ്ടിയാണിത്. കൂടാതെ തൈക്കൂടം, ആലുവ സ്റ്റേഷനുകളില്‍ ഓരോ യാത്രക്കു ശേഷവും ട്രെയിനിന്റെ എല്ലാ വാതിലുകളും 5 മിനിറ്റ് തുറന്നിടും.