കോഴിക്കോട്: മലയാള സാഹിത്യത്തിലെ പ്രിയ എഴുത്തുകാരി പി വൽസല അന്തരിച്ചു. 85 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു അന്ത്യം. സംസ്‌കാരം വിദേശത്തുള്ള മകൻ എത്തിയശേഷം വ്യാഴാഴ്‌ച നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.
‘തിരുനെല്ലിയുടെ കഥാകാരി’ എന്നറിയപ്പെടുന്ന വാൽസല 1960കൾ മുതൽ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു. വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ അടുത്തറിയുകയും, മുൻവിധികളില്ലാതെ അതിനെപ്പറ്റി എഴുതുകയും ചെയ്‌ത എഴുത്തുകാരിയാണ് പി വൽസല. 1972ൽ പുറത്തിറങ്ങിയ ‘നെല്ല്’ ആണ് ആദ്യ നോവൽ. ഈ നോവൽ പിന്നീട് എസ്എൽ പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി.
റോസ്‌മേരിയുടേ ആകാശങ്ങൾ, ആരും മരിക്കുന്നില്ല, ആഗ്‌നേയം, ഗൗതമൻ, പാളയം, ചാവേർ, അരക്കില്ലം, കൂമൻകൊല്ലി, നമ്പരുകൾ, വിലാപം, ആദിജലം, വേനൽ, കനൽ, നിഴലുറങ്ങാത്ത വഴികൾ, വേനൽ, തിരക്കിൽ അൽപ്പം സ്‌ഥലം, പഴയപുതിയ നഗരം, ആനവേട്ടക്കാരൻ, ഉച്ചയോടെ നിഴൽ, കറുത്ത മഴ പെയ്യുന്ന താഴ്‌വര, കോട്ടയിലെ പ്രേമ, പൂരം, അന്നമേരിയെ നേരിടാൻ, അശോകനും അയാളും, വൽസലയുടെ സ്‌ത്രീകൾ, വൽസലയുടെ തിരഞ്ഞെടുത്ത കഥകൾ, പംഗരുപുഷ്‌പത്തിന്റെ തേൻ, കഥായനം, അരുന്ധതി കരയുന്നില്ല, ചാമുണ്ടിക്കുഴി തുടങ്ങിയവയാണ് പ്രധാന കൃതികൾ.
2021ൽ എഴുത്തച്ഛൻ പുരസ്‌കാരം നേടി. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ്, നെല്ലിന് കുങ്കുമം അവാർഡ്, എസ്‌പിസിഎസിന്റെ അക്ഷര പുരസ്‌കാരം, നിഴലുറങ്ങുന്ന വഴികൾക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സമഗ്ര സംഭാവനക്കുള്ള പത്‌മപ്രഭാ പുരസ്‌കാരം, ലളിതാംബിക അന്തർജനം അവാർഡ്, സിവി കുഞ്ഞിരാമൻ സ്‌മാരക മയിൽപ്പീലി അവാർഡ്, പിആർ നമ്പ്യാർ അവാർഡ്, എംടി ചന്ദ്രസേനൻ അവാർഡ്, ഒ ചന്തുമേനോൻ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ഗവ. ട്രെയിനിങ് കോളജ് പ്രധാന അധ്യാപികയായിരുന്നു. 1993ലാണ് ഈ സ്‌ഥാനത്ത് നിന്നും വിരമിച്ചത്. ശേഷം സാഹിത്യ ലോകത്ത് കൂടുതൽ സജീവമായ വൽസല, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷ എന്ന നിലയിലും മികവ് തെളിയിച്ചു. ഇരുപതോളം നോവലുകൾ, മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യ കൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്ര വിവരണങ്ങളുമായി മലയാള സാഹിത്യ ലോകത്തെ വൽസല സമ്പന്നമാക്കി.
1939 ഓഗസ്‌റ്റ് 28ന് കാനങ്ങാട് ചന്തുവിന്റെയും ഇ പത്‌മാവതിയുടെയും മൂത്തമകളായി കോഴിക്കോടാണ് പി വൽസല ജയിച്ചത്. നടക്കാവ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന്, പീഡ്രിഗ്രിയും ബിരുദവും പ്രൊവിഡൻസ് കോളേജിൽ. ബിഎ ഇക്കണോമിക്‌സ് ജയിച്ച ഉടൻ അധ്യാപികയായി കൊടുവള്ളി സർക്കാർ ഹൈസ്‌കൂളിൽ ആദ്യനിയമനം ലഭിച്ചു. പിന്നീട് കോഴിക്കോട് ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജിൽ നിന്ന് ബിഎഡ് പഠനം പൂർത്തിയാക്കി.
നടക്കാവ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിപ്പിച്ചു. 32 വർഷമാണ് അധ്യാപന ജീവിതത്തിൽ തുടർന്നത്. നടക്കാവ് ഗവ. സ്‌കൂൾ അധ്യാപകനായിരുന്ന കക്കോടി മാറോളി എം അപ്പുക്കുട്ടിയാണ് ഭർത്താവ്. മക്കൾ: ഡോ. എംഎ മിനി (ഗവ. വെറ്ററിനറി ആശുപത്രി മുക്കം), എംഎ അരുൺ (ബാങ്ക് ഉദ്യോഗസ്‌ഥൻ ന്യൂയോർക്ക്). മരുമക്കൾ: ഡോ. കെ നിനകുമാർ, ഗായത്രി.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം