കോഴിക്കോടൻ നാദം നിലച്ചു; നടൻ മാമുക്കോയ അന്തരിച്ചു

1962ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്‌ത 'അന്യരുടെ ഭൂമി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. എന്നാൽ, സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ദൂരെദൂരെ ഒരു കൂടുകൂട്ടാം' എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്‌തത്‌.

By Trainee Reporter, Malabar News
Actor Mamukoya passed away

കോഴിക്കോട്: നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മലപ്പുറത്തെ പൂങ്ങോട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉൽഘാടനം ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്.

ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് വിദഗ്‌ധ ചികിൽസയ്‌ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്‌തസ്രാവം കൂടിയതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയതും മരണത്തിലേക്ക് നയിച്ചതും.

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനയ കുലപതിയാണ് അരങ്ങൊഴിയുന്നത്. അഭിനയ മികവിൽ എക്കാലവും മനസിൽ തങ്ങി നിർത്തുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ടാണ് മാമുക്കോയ എന്ന അതുല്യ കലാകാരൻ മലയാള സിനിമാ ലോകത്തെ വിട്ടുപോകുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങൾ ഒന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ.

സ്‌നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിച്ച, നൻമ നിറഞ്ഞ കലാകാരൻ. നാടകത്തിലൂടെ സിനിമയിലെത്തിയ മാമുക്കോയ ഹാസ്യവേഷങ്ങളിലും കാരക്‌ടർ റോളുകളിലും മികച്ച പ്രകടനം കാഴ്‌ചവെച്ചു. കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്‌മകളിൽ അദ്ദേഹം എന്നും സജീവമായിരുന്നു. സ്‌കൂൾ പഠനകാലത്ത് തന്നെ നാടകങ്ങളിൽ അഭിനയിച്ചു. നിരവധി അമച്വർ നാടകങ്ങളിലും പിന്നീട് അഭിനയിച്ചു.

1962ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്‌ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. എന്നാൽ, സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഞ്ചു വർഷത്തിന് ശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ‘സുറുമയിട്ട കണ്ണുകൾ’ എന്ന സിനിമയിൽ മുഖം കാണിച്ചു. സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്‌തത്‌.

പിന്നാലെ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സൻമനസുള്ളവർക്ക് സമാധാനം, രാരീരം, നാടോടിക്കാറ്റ്, വരവേൽപ്പ്, മഴവിൽക്കാവടി, പെരുമഴക്കാലം ഇന്നത്തെ ചിന്താവിഷയം, കുരുതി തുടങ്ങി 250ലേറെ സിനിമകളിൽ മാമുക്കോയ മികച്ച കഥാപത്രങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. പെരുമഴക്കാലത്തിലെ കഥാപാത്രത്തിന് 2004ൽ സംസ്‌ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കേരള സർക്കാർ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്‌കാരം ഏർപ്പെടുത്തിയ 2008ൽ അത് ലഭിച്ചത് ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിൽ മാമുക്കോയക്കായിരുന്നു.

മാമുക്കോയ നായകനായ ‘കോരപ്പൻ ദി ഗ്രേറ്റ്’ സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോട് പള്ളിക്കണ്ടിയിൽ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടെയും മകനായി 1946ൽ ആണ് മാമുക്കോയ ജനിച്ചത്. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്‌ടപ്പെട്ട അദ്ദേഹം വളർന്നത് സഹോദരന്റെ സംരക്ഷണയിലാണ്. കോഴിക്കോട് എംഎം ഹൈസ്‌കൂളിൽ പത്താം ക്ളാസ് വരെ പഠനം. സുഹ്റയാണ് ഭാര്യ. മകൾ: നിസാർ, ഷാഹിദ, നാദിയ, അബ്‌ദുൽ റഷീദ്.

Most Read: കൊച്ചി ജല മെട്രോയിലും പെൺകരുത്തിന്റെ കയ്യൊപ്പ്; പല വിഭാഗങ്ങളുടെയും നടത്തിപ്പിൽ വനിതകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE