കൊച്ചി: നടൻമാരായ ശ്രീനാഥ് ഭാസി, ഷെയ്‌ൻ നിഗം എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തി മലയാള സിനിമാ സംഘടനകൾ. താരങ്ങളുമായി ഇനി സിനിമ ചെയ്യാൻ സഹകരിക്കില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ഫെഫ്‌ക, നിർമാതാക്കളുടെ സംഘടന, താര സംഘടനയായ ‘അമ്മ’ എന്നിവ സംയുക്‌തമായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇരുവരും ലൊക്കേഷനിൽ വൈകി എത്തുന്നുവെന്ന് അടക്കമുള്ള ആരോപണങ്ങളുടെ പശ്‌ചാത്തലത്തിലാണ് നടൻമാർക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വാർത്താ സമ്മേളനത്തിൽ സംഘടനയിലെ അംഗങ്ങൾ പ്രഖ്യാപിച്ചത്. ലൊക്കേഷനിൽ മോശം പെരുമാറ്റം എന്ന വ്യാപക പരാതികളെ തുടർന്ന് ഇരുവർക്കുമെതിരെ വിലക്ക് ഏർപ്പെടുത്തുകയാണെന്ന് നിർമാതാക്കളുടെ സംഘടന വ്യക്‌തമാക്കി.
ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമാ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ചു പോകാനാവില്ല. ഈ രണ്ടു നടൻമാരുടെ കൂടെ ആഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹാക്കാനാവാത്ത അവസ്‌ഥ ആണെന്ന് നിർമാതാവ് രഞ്‌ജിത്ത് പറഞ്ഞു. സ്‌ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് കൈമാറുമെന്നും നിർമാതാക്കളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.
ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയ്ൻ നിഗവും പിന്തുടരുന്നത്. ഇത് നിർമാതാക്കൾക്ക് ഉൾപ്പടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നതെന്നും സംഘടനകൾ വ്യക്‌തമാക്കി. ദിവസങ്ങൾക്ക് മുൻപ് ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഫെഫ്‌ക പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Most Read: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസ് ആരംഭിച്ചു