കൊച്ചി: മലയാള സിനിമയുടെ മാതൃ സ്‌നേഹം, കവിയൂർ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. അർബുദ രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകിട്ട് 5.33നാണ് അന്ത്യം. മൃതദേഹം നാളെ രാവിലെ ഒമ്പത് മണിമുതൽ 12 മണിവരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.
സംസ്‌കാരം നാളെ വൈകിട്ട് നാലിന് ആലുവയിലെ വീട്ടുവളപ്പിൽ നടക്കും. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ഗായികയായി കലാജീവിതം ആരംഭിച്ച് കെപിസിസിയുടെ നാടകങ്ങളിലൂടെയാണ് അഭിനേത്രിയായി സിനിമയിലെത്തിയത്.
സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മ വേഷങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് റോളുകൾ അടക്കം വ്യത്യസ്‌ത വേഷങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. ‘മേഘതീർഥം’ എന്ന സിനിമ നിർമിച്ചു. മികച്ച സഹനടിക്കുള്ള സംസ്‌ഥാന പുരസ്‌കാരം നാലുവട്ടം നേടിയിട്ടുണ്ട്.
14ആം വയസിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്‌റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിൽ അഭിനയിച്ചത്. മെറിലാൻഡിന്റെ ‘ശ്രീരാമപട്ടാഭിഷേക’ത്തിൽ മണ്ഡോദരിയുടെ വേഷമായിരുന്നു. ‘കുടുംബിനി’ എന്ന സിനിമയിലാണ് ആദ്യമായി അമ്മ വേഷത്തിൽ അഭിനയിച്ചത്. തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ സത്യൻ, മധു എന്നിവരുടെ അമ്മ വേഷമായിരുന്നു.
പിഎൻ മേനോൻ, വിൻസെന്റ്, എംടി വാസുദേവൻ നായർ, രാമു കാര്യാട്ട്, കെഎസ് സേതുമാധവൻ, അടൂർ ഗോപാലകൃഷ്‌ണൻ, ജോൺ എബ്രഹാം, പത്‌മരാജൻ, മോഹൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരിൽ മിക്കവരുടെയും സിനിമകളിൽ അഭിനയിച്ചു.
അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ, തീർഥയാത്ര, നിർമാല്യം, നെല്ല്, അവളുടെ രാവുകൾ, കൊടിയേറ്റം, ഓപ്പോൾ, കരിമ്പന, തിങ്കളാഴ്‌ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്‌ദുള്ള, കിരീടം, ചെങ്കോൽ, ഭരതം, സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. എട്ടോളം സിനിമകളിൽ പാടിയിട്ടുണ്ട്. 25ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.
പത്തനംതിട്ടയിലെ കവിയൂരിൽ ടിപി ദാമോദരന്റേയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി ആറിനാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂർ രേണുക അടക്കം ഇളയ ആറ് സഹോദരങ്ങൾ കൂടിയുണ്ട്. സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായ പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ: ബിന്ദു. മരുമകൻ: വെങ്കിട്ടറാം.
പ്രിയ കലാകാരിയുടെ വിയോഗത്തിൽ മലയാള സിനിമാ ലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും കവിയൂർ പൊന്നമ്മയെ അനുസ്‌മരിച്ചു. തന്റെ കഥാപാത്രങ്ങളിലൂടെ കവിയൂർ പൊന്നമ്മ എന്നും മലയാളികളുടെ മനസിൽ മായാതെ നിൽക്കുമെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി