കൊച്ചി: സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബുമായുള്ള ഭിന്നതയെ തുടർന്നാണ് രാജി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർഥി ആയിരുന്നു അഖിൽ മാരാർ.
പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാനാകില്ലെന്നും വ്യക്തമാക്കിയാണ് അഖിലിന്റെ പടിയിറക്കം. സാബു ജേക്കബിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം സാബു ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്ന് അഖിൽ പറഞ്ഞു.
കൊട്ടാരക്കര സീറ്റ് ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20യിൽ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ മാരാർ വിമർശിച്ചു.
20 ലക്ഷം രൂപ കൊടുത്ത് ആശിച്ചുവാങ്ങിയ ബൈക്ക് വിറ്റാണ് തിരഞ്ഞെടുപ്പിന് മൽസരിക്കാൻ പണം കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം കൊല്ലം ജില്ലാ പ്രസിഡണ്ടാക്കണമെന്ന് ഞാൻ പറഞ്ഞു. രണ്ടര മാസമായി ഒരു മറുപടിയുമില്ല. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ പറയുമ്പോഴും ഒന്നും മിണ്ടില്ല. സാബു തൃക്കാക്കരയിൽ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അഖിൽ മാരാർ ആരോപിച്ചു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































