പാലക്കാട്: ജില്ലാ ആശുപത്രി പൂർണമായി കോവിഡ് ആശുപത്രിയാക്കുന്നതിന്റെ ഭാഗമായി ഒപി വിഭാഗം പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനമായി. കാർഡിയോളജി, ഓങ്കോളജി, നെഫ്രോളജി, സൈക്യാട്രി ഐപി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ജില്ലാ ആശുപത്രിയിൽ തന്നെ തുടരും. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാറ്റങ്ങൾ ഈ മാസം 10 മുതൽ നടപ്പാക്കാനാണ് നിർദ്ദേശം. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഇന്ന് പുറത്തിറക്കും.
- അടിയന്തര സാഹചര്യത്തിലുള്ള രോഗികളെ കിടത്തി ചികിൽസിക്കാൻ ഗവ.മെഡിക്കൽ കോളജിൽ 100 കിടക്കകളുള്ള ഐപി വാർഡ് സജ്‌ജമാക്കും.
- ശസ്‌ത്രക്രിയ ഉൾപ്പടെയുള്ള അടിയന്തര ആവശ്യങ്ങൾക്കായി ആലത്തൂർ, ഒറ്റപ്പാലം തുടങ്ങിയ താലൂക്ക് ആശുപത്രികളുടെ സൗകര്യം ഉപയോഗപ്പെടുത്തും.
- പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ പേർക്ക് ചികിൽസ ലഭ്യമാക്കും.
- ഇതര ചികിൽസാ വിഭാഗങ്ങൾ ജില്ലാ ആശുപത്രിയിൽ നിന്നു മാറ്റുക വഴി 360 കിടക്കകൾ കോവിഡ് വിദഗ്‌ധ ചികിൽസക്ക് ലഭിക്കും.
- നിലവിലെ സാഹചര്യത്തിൽ പരമാവധി പേർക്കു കോവിഡ് ചികിൽസ ഉറപ്പാക്കാനാണു ജില്ലാ ആശുപത്രിയെ പൂർണതോതിലുള്ള കോവിഡ് ചികിൽസാ കേന്ദ്രമാക്കുന്നത്.
Also Read: ലോക്ക്ഡൗണിലും വാക്‌സിനേഷൻ മുടങ്ങരുത്; സംസ്‌ഥാനങ്ങളോട് പ്രധാനമന്ത്രി