കായംകുളം: ആലപ്പുഴ എംപി എഎം ആരിഫ് തനിക്കെതിരെ നടത്തിയ പ്രസ്‌താവന ഏറെ വിഷമിപ്പിച്ചെന്ന് കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബു. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമർശം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും തന്നെ മാത്രമല്ല സാധാരണക്കാരായ തൊഴിലാളികളെ ഒന്നടങ്കമാണ് അദ്ദേഹം അപമാനിച്ചതെന്നും അരിത പ്രതികരിച്ചു.
‘ഒരു ജനപ്രതിനിധിയാണ് ബഹുമാനപ്പെട്ട എംപി. ഞാനുൾപ്പടെ ഉള്ളവരുടെ ജനപ്രതിനിധിയാണ്. എന്നെ മാത്രമാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഈ നാട്ടിലെ അധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം ഇങ്ങനെ അപമാനിച്ചത്, അവഹേളിച്ചത്,’ അരിത പറഞ്ഞു. എംപിയുടെ പരാമർശം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നത് ആണെന്നും അരിത ബാബു പറഞ്ഞു.
കൂടാതെ രാഷ്‌ട്രീയത്തിൽ നിൽക്കുന്ന പലർക്കും അതൊരു വരുമാനമാർഗം കൂടി ആയിരിക്കാമെന്നും എന്നാൽ തനിക്കത് സേവനമാണെന്നും അരിത വ്യക്‌തമാക്കി. മാത്രവുമല്ല രാഷ്‌ട്രീയത്തിന് പുറമേ എനിക്ക് ജീവിക്കാനുള്ള വക ഞാൻ അധ്വാനിച്ചാണ് കണ്ടെത്തുന്നത് എന്നത് അഭിമാനമുള്ള കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
എൽഡിഎഫ് സ്‌ഥാനാർഥി പ്രതിഭയുടെ പ്രചരണാർഥം കായംകുളത്ത് സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് ആരിഫ് വിവാദ പരാമർശം നടത്തിയത്. സ്‌ഥാനാർഥിയുടെ പ്രാരാബ്‌ധമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയതെന്ന് പറഞ്ഞ ആരിഫ് പ്രാരബ്‌ധം ചർച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും പരിപാടിയിൽ ചോദിച്ചു.
സമൂഹ മാദ്ധ്യമങ്ങളിലടക്കം ആരിഫിന്റെ പ്രസ്‌താവനക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഏതായാലും അരിതക്കെതിരായ പരിഹാസം മണ്ഡലത്തിൽ എൽഡിഎഫിനെതിരെ പ്രധാന ആയുധമാക്കി മാറ്റിയിരിക്കുകയാണ് യുഡിഎഫ്. പ്രസ്‌താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരുന്നു.
Read Also: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റെയ്‌ഡുകൾ; തമിഴ്‌നാട്ടില്‍ നിന്നും പിടിച്ചെടുത്തത് 428 കോടി