ലിസി ആശുപത്രിയുടെ 33ആംമത് ഹൃദയം മാറ്റിവയ്‌ക്കൽ 24കാരനിൽ വിജയം

കണ്ണൂർ ജില്ലയിലെ പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ മുന്‍കൈ എടുത്ത് കണ്ടെത്തിയ ചികിൽസാ ചെലവിലാണ് 24കാരനായ അശ്വന്ത് ചന്ദ്രനിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ എറണാകുളം ലിസി ആശുപത്രിയില്‍ വിജയകരമായി പൂർത്തീകരിച്ചത്.

By Senior Reporter, Malabar News
ashwanth heart transplant in kochi lisie hospital
ശസ്‌ത്രക്രിയക്ക്‌ ശേഷം ആശുപത്രി അധികൃതർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന അശ്വന്ത്. (Image Croppedy By Team MN)

എറണാകുളം: അപകടത്തെ തുടര്‍ന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച 16കാരനായ ജുവിന്‍ രാജുവിന്റെ ഹൃദയം അശ്വന്ത് ചന്ദ്രനിൽ പ്രവർത്തിച്ചു തുടങ്ങിയതായും ജുവിന്റെ ഹൃദയത്തിന്റെ സ്‌പന്ദനങ്ങളുമായി അശ്വന്ത് ആശുപത്രി വിട്ടതായും ലിസി ആശുപത്രി അധികൃതർ വ്യക്‌തമാക്കി.

രണ്ടാഴ്‌ച മുമ്പാണ് കണ്ണൂര്‍ കുറ്റൂര്‍ സ്വദേശിയായ അശ്വന്ത് ചന്ദ്രന്‍ (24) എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്. ചന്ദ്രശേഖരന്‍-റീന ദമ്പതികളുടെ മകനായ അശ്വന്ത് ഗുരുതരമായ ഹൃദ്രോഗവുമായാണ് ജനിച്ചത്. ഹൃദയത്തിന്റെ താഴെയുള്ള രണ്ട് അറകളും കൂടിച്ചേര്‍ന്ന് ഒന്നായ അവസ്‌ഥയിലായിരുന്നു. രണ്ടാം വയസില്‍ തന്നെ സങ്കീര്‍ണമായ ഹൃദയശസ്‌ത്രക്രിയക്ക് അശ്വന്ത് വിധേയനായിരുന്നു.

തുടര്‍ന്ന് ആരോഗ്യനില സാധാരണ നിലയിലായെങ്കിലും ഐടിഐ പഠനകാലത്ത് വീണ്ടും പ്രയാസങ്ങള്‍ ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. മൂന്നുവര്‍ഷം കൂടി ചികിൽസകളുമായി മുന്നോട്ടുപോയെങ്കിലും ഹൃദയം മാറ്റിവയ്‌ക്കലാണ് ഏക പോംവഴി എന്ന് ഡോക്‌ടർമാർ നിര്‍ദ്ദേശിച്ചതോടെയാണ് കുടുംബം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ അടുത്തെത്തുന്നത്.

ജൻമനാ ഹൃദ്രോഗവുമായി ജനിച്ച അശ്വന്തിന് ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തുകയെന്നത് വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞ കാര്യമായിരുന്നു. കൂടാതെ, ഹൃദയ ശസ്‌ത്രക്രിയ നേരത്തെ ചെയ്‌തതും ഏറെ വെല്ലുവിളികൾ ഉയര്‍ത്തിയിരുന്നു. എന്നാൽ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, പീഡിയാട്രിക് കാര്‍ഡിയോളജിസ്‌റ്റ് ഡോ. അനില്‍ എസ് ആര്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. സാജന്‍ കോശി എന്നിവർ ചേർന്ന് അശ്വന്തിനെ പരിശോധിച്ചതിന് ശേഷം ശസ്‌ത്രക്രിയ നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയായിരുന്നു.

തുടര്‍ പരിശോധനകള്‍ക്ക് ശേഷം ഒരു മാസം മുമ്പ് അശ്വന്തിനെ കെ- സോട്ടോയില്‍ രജിസ്‌റ്റര്‍ ചെയ്‌തു. ജൂണ്‍ 23ആം തീയതി വൈകീട്ടാണ് രാജഗിരി ആശുപത്രിയില്‍ മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ച ജുവിന്‍ രാജു (16) വിന്റെ കുടുംബം അവയവദാനത്തിന് തയ്യാറാണെന്ന സന്ദേശം കെ-സോട്ടോയില്‍ നിന്നും ലിസി ആശുപത്രിയില്‍ എത്തിയത്.

Dr. Jose Chacko Periappuram
ഡോ. ജോസ് ചാക്കോ പെരിയപ്പുറം

തുടര്‍ന്ന് മെഡിക്കല്‍ സംഘം രാജഗിരി ആശുപത്രിയില്‍ എത്തുകയും ഹൃദയവുമായി രാത്രി 11.30ഓടെ അവിടെനിന്ന് തിരിക്കുകയും ചെയ്‌തു. കൊച്ചി സിറ്റി, ആലുവ റൂറല്‍ പോലീസ് സേനകളുടെ സഹായത്തോടെ കേവലം 20 മിനിറ്റ് കൊണ്ട് ഗ്രീന്‍ കോറിഡോറിലൂടെ ലിസി ആശുപത്രിയില്‍ എത്തിച്ചേരുകയും ശസ്‌ത്രക്രിയ ആരംഭിക്കുകയും ചെയ്‌തു. രാവിലെ അഞ്ചുമണിയോടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായി.

ശസ്‌ത്രക്രിയക്ക് മുമ്പ് അശ്വന്തിന്റെ രക്‌തത്തിലെ ഓക്‌സിജന്റെ അളവ് 70 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ഇപ്പോള്‍ അത് 100 ശതമാനത്തില്‍ അടുത്തുണ്ടെന്നും ആരോഗ്യനില പൂര്‍ണ തൃപ്‌തികരമാണെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

ashwanth heart transplant in kochi lisie hospital
അശ്വന്ത് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനോട് യാത്ര പറയുന്നു.

ഡോ. സാജന്‍ കോശി, ഡോ. അനില്‍ എസ് ആര്‍, ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു, ഡോ. ഭാസ്‌ക്കര്‍ രംഗനാഥന്‍, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. പി. മുരുകന്‍, ഡോ.ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ജഗന്‍ ജോസ്, ഡോ. ശ്രീശങ്കര്‍, ഡോ. ആബിദ് ഇഖ്ബാല്‍, ഡോ. ആന്റണി ജോര്‍ജ്, ഡോ. അരുണ്‍ ജോര്‍ജ്, ഡോ. ജെനു റോസ്, ഡോ. ഹരി ഗോവിന്ദ്, ഡോ. ദീപ്‌തി സന്തോഷ്, ഡോ. വേണി ജിത്ത്, രാജി രമേഷ്, സൗമ്യ സുനീഷ് തുടങ്ങിയവര്‍ ശസ്‌ത്രക്രിയയിലും തുടര്‍ചികിൽസയിലും പങ്കാളികളായിരുന്നു.

ആശുപത്രി മാനേജിങ് ഡയറക്‌ടർ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് അശ്വന്തിനെ യാത്രയാക്കിയത്. തനിക്ക് ഹൃദയം ദാനം ചെയ്യാന്‍ തയ്യാറായ ജുവിന്റെ കുടുംബത്തിന് അശ്വന്ത് നന്ദി പറഞ്ഞു. പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്‌റ്റ് മുന്‍കൈ എടുത്താണ് അശ്വന്തിന്റെ ചികിൽസാ ചെലവുകള്‍ക്കുള്ള പണം കണ്ടെത്തിയത്. ലിസി ആശുപത്രിയിലെ 33ആംമത് ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയായിരുന്നു ഇത്.

Most Read| എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE