‘അതിജീവിക’ പദ്ധതി; 146 പേര്‍ക്ക് കൂടി ധനസഹായം അനുവദിച്ചു

By News Desk, Malabar News
minister kk shailaja
ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ
Ajwa Travels

തിരുവനന്തപുരം: ദുരിതബാധിതരായ സ്‌ത്രീകള്‍ക്ക് ഇടക്കാലാശ്വാസം നല്‍കുന്ന ‘അതിജീവിക’ പദ്ധതിക്ക് 54 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 2019ല്‍ ആരംഭിച്ച അതിജീവിക പദ്ധതിക്ക് ആദ്യ ഘട്ടമായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.

ഈ പദ്ധതി പ്രകാരം ലഭ്യമായ അപേക്ഷകളില്‍ നിന്ന് 268 എണ്ണമാണ് ജില്ലാതല മോണിറ്ററിംഗ് ആൻഡ് ഇവാല്യുവേഷൻ കമ്മിറ്റി സംസ്‌ഥാനതല സമിതിക്ക് ശുപാർശ ചെയ്‌തത്‌. ആദ്യഘട്ടത്തില്‍ ലഭ്യമായ 50 ലക്ഷം രൂപയില്‍ നിന്നും 122 പേര്‍ക്ക് ധനസഹായം അനുവദിച്ചു. ശേഷിക്കുന്ന 146 പേര്‍ക്കുകൂടി പദ്ധതി പ്രകാരം ധനസഹായം ലഭ്യമാക്കുന്നതിനാണ് 54 ലക്ഷം രൂപ കൂടി അനുവദിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി.

കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ ഇടതുസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് അതിജീവിക. ഭര്‍ത്താവിന്റെ അല്ലെങ്കില്‍ കുടുംബനാഥന്റെ വിയോഗം മൂലമോ അസുഖം മൂലമോ പ്രകൃതി ക്ഷോഭത്താലോ മറ്റ് കാരണത്താലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്‌ത്രീകള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കുന്നതിനാണ് അതിജീവിക പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പരമാവധി 50,000 രൂപയായിരിക്കും ഇടക്കാലാശ്വാസമായി ലഭ്യമാക്കുക.

സ്ത്രീകളുടെ ചുമതലയിലാകുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വർധിച്ച് വരുന്നതായാണ് അങ്കണവാടികള്‍ മുഖേന നടത്തിയ കുടുംബ സര്‍വേ സൂചിപ്പിക്കുന്നത്. കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലമോ പെട്ടന്നുണ്ടാകുന്ന അപകടങ്ങളാലോ മരണപ്പെടുകയോ ചെയ്യുമ്പോള്‍ സ്‌ഥിരവരുമാനം ഇല്ലാത്തതിനാല്‍ നിത്യചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചെലവുകള്‍ക്കും മറ്റ് മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്‌ഥ പെട്ടന്ന് സംജാതമാകുന്നു.

ബാങ്ക് ലോണെടുത്തും മറ്റും നിർമിച്ച വീടുകളുടെ തിരിച്ചടവ്, ഭര്‍ത്താവിന്റെ ചികിൽസക്ക് വേണ്ടി എടുത്ത ലോണ്‍ തിരിച്ചടവ് എന്നിവ മുടങ്ങുന്നത് കാരണം ഈ കുടുംബങ്ങള്‍ ജപ്‌തി ഭീഷണിയും നേരിടുന്നുണ്ട്. ഇത് പലപ്പോഴും കൂട്ട ആത്‌മഹത്യയിലേക്ക് എത്തിച്ചേരുന്ന സന്ദര്‍ഭങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയൊരു സാഹചര്യത്തിലാണ് സംസ്‌ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ‘അതിജീവിക’പദ്ധതിക്ക് രൂപം നല്‍കിയത്.

Also Read: വാളയാർ കേസ്; വിജ്‌ഞാപനത്തിലെ അവ്യക്‌തത നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE