കൊച്ചി: പാലക്കാട് വാളയാറിലെ സഹോദരിമാരുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി ഇറക്കിയ വിജ്‌ഞാപനത്തിലെ അവ്യക്‌തത നീക്കിയെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതുക്കിയ വിജ്‌ഞാപനം പുറപ്പെടുവിച്ചതായും സർക്കാർ പറഞ്ഞു. വിജ്‌ഞാപനത്തിലെ അവ്യക്‌തത ചോദ്യം ചെയ്‌ത് കുട്ടികളുടെ മാതാവ് നൽകിയ ഹരജിയിൽ ആണ് സർക്കാർ നിലപാട് വ്യക്‌തമാക്കിയത്.
വിജ്‌ഞാപനത്തിൽ ഒരു കുട്ടിയുടെ മണത്തെക്കുറിച്ച് മാത്രമാണ് പരാമർശിക്കുന്നത് എന്നായിരുന്നു പരാതി. ഇത് അന്വേഷണത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും മാതാവ് ഹൈക്കോടതിയെ അറയിച്ചിരുന്നു.
പുതുക്കിയ വിജ്‌ഞാപനം ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഹരജി അടുത്ത വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും. പെൺകുട്ടികളുടെ കുടുംബത്തിന്റെയും വാളയാർ സമര സമിതിയുടെയും ആവശ്യം പരിഗണിച്ചാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം, വാളയാർ കേസിൽ വെള്ളിയാഴ്‌ച മുതൽ അനിശ്‌ചിതകാല നിരാഹാര സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം. കേസിൽ ഇപ്പോഴും അട്ടിമറി ശ്രമം നിലനിൽക്കുന്നുവെന്ന് ആരോപിച്ചാണ് സമരസമിതി നിരാഹാരസമരം നടത്താൻ തീരുമാനിച്ചത്.
സമരത്തിൽ സാംസ്‌കാരിക നായകരും, സാമൂഹിക പ്രവർത്തകരും ഉൾപ്പടെയുള്ളവർ പങ്കെടുക്കും. കൂടാതെ ഫെബ്രുവരി 5ആം തീയതി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി നിരാഹാരമിരിക്കുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ല; മാണി സി കാപ്പന്‍