ബിജെപി മഹിളാ മോർച്ച നേതാവ്; വിക്‌ടോറിയ ഗൗരി ഇനി മുതൽ ജഡ്‌ജി

ബിജെപിയുടെ മഹിളാ മോർച്ച ജനറൽ സെക്രട്ടറി ആണെന്ന് സ്വയം പ്രഖ്യാപിച്ച വിക്‌ടോറിയ ഗൗരിയാണ്, മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റത്. ന്യൂനപക്ഷങ്ങൾക്ക് എതിരായ ഇവരുടെ നിലപാട് ചൂണ്ടിക്കാട്ടി അയോഗ്യത പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സത്യപ്രതിജ്‌ഞ.

By Trainee Reporter, Malabar News
BJP Mahila Morcha leader; Victoria Gowri henceforth Judge
വിക്‌ടോറിയ ഗൗരി

ന്യൂഡെൽഹി: വിക്‌ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. മദ്രാസ് ഹൈക്കോടതിയിൽ രാവിലെ പത്തരക്ക് നടന്ന ചടങ്ങിലാണ് വിക്‌ടോറിയ ഗൗരി ജഡ്‌ജിയായി ചുമതലയേറ്റത്. അതേസമയം, ബിജെപിയുടെ മഹിളാ മോർച്ച ജനറൽ സെക്രട്ടറി ആണെന്ന് സ്വയം പ്രഖ്യാപിച്ച ഗൗരിയെ, മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി കേന്ദ്ര സർക്കാർ നിയമിച്ചതിനെതിരായ ഹരജി സുപ്രീം കോടതി തള്ളി.

ഗൗരിയുടെ ജഡ്‌ജി നിയമനം റദ്ദാക്കി ഉത്തരവിറക്കാൻ കഴിയില്ലെന്നാണ് കോടതി  അറിയിച്ചത്‌. ജസ്‌റ്റിസുമാരായ സഞ്‌ജീവ് ഖന്ന, ബിആർ ഗവായ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. നേരത്തെ, ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാവിലെ 9.15ന് ഹരജി പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. സത്യപ്രതിജ്‌ഞാ ചടങ്ങ് ഇന്ന് തന്നെ നടക്കാനിരിക്കെ, ഈ ഘട്ടത്തിൽ നിയമന ഉത്തരവ് റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്നാണ് സുപ്രീം കോടതി വ്യക്‌തമാക്കിയത്‌.

പുനഃപരിശോധിക്കാൻ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും സുപ്രീം കോടതി അറിയിച്ചു. ഗൗരിയുടെ രാഷ്‌ട്രീയ പശ്‌ചാത്തലത്തെ കുറിച്ചോ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് നടത്തിയ വിവാദ പ്രസ്‌താവനകളെ കുറിച്ചോ കൊളീജിയത്തിന് അറിവില്ലായിരുന്നുവെന്ന് കരുതാനാകില്ല. ജഡ്‌ജിയാകാൻ അനുയോജ്യയോ എന്ന് കോടതിക്ക് പറയാനാകില്ലെന്നും, യോഗ്യത പരിശോധിക്കാൻ മാത്രമേ കോടതിക്കാകൂ എന്നും വാദത്തിനിടെ സുപ്രീം കോടതി അറിയിച്ചു.

ക്രിസ്‌ത്യൻ, മുസ്‌ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണ നിഴലിലുള്ള ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി കോടതി പരിഗണിക്കാനിരിക്കെ ആയിരുന്നു, വിക്‌ടോറിയയെ ജഡ്‌ജിയായി നിയമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തിടുക്കപ്പെട്ട തീരുമാനം. കൊളീജിയം വിക്‌ടോറിയയുടെ പേര് ശുപാർശ ചെയ്‌തതിന്‌ പിന്നാലെ, ന്യൂനപക്ഷങ്ങൾക്ക് എതിരായ ഇവരുടെ നിലപാട് ചൂണ്ടിക്കാട്ടി അയോഗ്യത പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി എത്തിയത്.

അഭിഭാഷകരായ അന്ന മാത്യൂസ്, സുധാ രാമലിംഗം, ഡി നാഗശില എന്നിവരാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ഇവർക്ക് പുറമെ, മദ്രാസ് അഭിഭാഷക ബാറിലെ ചിലരും ഗൗരിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹരജി പത്തിന് പരിഗണിക്കാനിരിക്കെയാണ്, ജഡ്‌ജി നിയമന വിവരം നിയമമന്ത്രി കിരൺ റിജ്‌ജു പ്രഖ്യാപിച്ചത്. തുടർന്ന്, ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ രാജു രാമചന്ദ്രൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ന് പരിഗണിച്ചത്.

Most Read: തുർക്കി ഭൂചലനം; മരിച്ചവരുടെ എണ്ണം 3,800 കടന്നു- രക്ഷാപ്രവർത്തനം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE