കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്‌ചിമ ബംഗാളിൽ ബിജെപി നടത്താൻ തീരുമാനിച്ച രഥയാത്രക്ക് എതിരെ സമർപ്പിച്ച ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപിയുടെ രഥയാത്ര സംസ്‌ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കും എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാംപ്രസാദ് സര്‍ക്കാര്‍ ആണ് പൊതുതാൽപര്യ ഹരജി നൽകിയിരിക്കുന്നത്.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സംസ്‌ഥാനത്ത് രഥയാത്ര നടത്താൻ അനുമതി തേടി തിങ്കളാഴ്‌ച ബിജെപി ബംഗാള്‍ ഘടകം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാൽ, അനുമതി ലഭിക്കുന്നതിന് അതാത് ജില്ലകളിലെ പ്രാദേശിക അധികാരികളെ സമീപിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
അനുമതികള്‍ക്കായി കൂടുതല്‍ സമയം എടുക്കുന്നതിന് പുറമെ ഏതെങ്കിലും പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം ഉന്നയിച്ചാല്‍ യാത്രയുടെ റൂട്ട് അടക്കം പലതവണകളായി മാറ്റേണ്ടി വരുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കുന്ന രഥയാത്ര 20 മുതൽ 25 ദിവസം വരെ നീണ്ടുനിൽക്കുന്നതാണ് എന്നാണ് റിപ്പോർട്. 2018ലും പശ്‌ചിമ ബംഗാളിൽ ബിജെപി രഥയാത്ര നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സംസ്‌ഥാന സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് അവസാന നിമിഷം പരിപാടി പിൻവലിക്കുക ആയിരുന്നു.
Also Read: റിപ്പബ്ളിക് ദിന സംഘർഷം; ഇടപെടില്ലെന്ന് സുപ്രീം കോടതി, സർക്കാരിനെ സമീപിക്കാൻ നിർദേശം