ബോളിവുഡിൽ നിന്നും കയ്യടി നേടി കുമ്പളങ്ങി നൈറ്റ്സ്

By Desk Reporter, Malabar News
Anushka Sharma_2020 Aug 08
Ajwa Travels

ശ്യാം പുഷ്‌കരന്റെ കഥയിൽ നവാഗതനായ മധു സി നാരായണൻ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സ് ഏറെ പ്രേക്ഷക പ്രശംസ നേടിയെടുത്ത ചലച്ചിത്രമാണ്. സിനിമ കണ്ടിറങ്ങിയ ഓരോരുത്തരുടെയും ഒപ്പം അതിലെ കഥാപാത്രങ്ങൾ കൂടി ഇറങ്ങി വന്നു എന്നതാണ് സിനിമയെ അത്രയേറെ മനോഹരമാക്കിയത്. കണ്ണുകളിലേക്കല്ല മറിച്ചു കാഴ്ചക്കാരന്റെ ഹൃദയത്തിലേക്കായിരുന്നു സിനിമയിലെ ഓരോ രംഗവും കടന്നു ചെന്നത്. ഓരോ സിനിമാപ്രേമികളുടെയും ഇഷ്ട സിനിമകളുടെ കൂട്ടത്തിൽ കുമ്പളങ്ങിയും ഇടംപിടിച്ചിട്ടുണ്ടാവുമെന്നതിൽ സംശയിക്കേണ്ടതില്ല. 2019 ൽ ഇറങ്ങിയ സിനിമ നിരവധി പ്രശംസകളാണ് ഏറ്റുവാങ്ങിയത്.

ഇപ്പോഴിതാ അങ്ങ് ബോളിവുഡിൽ നിന്നും കയ്യടി വാങ്ങുകയാണ് കുമ്പളങ്ങി. പ്രശസ്ത ബോളിവുഡ് താരം അനുഷ്ക ശർമയാണ് സിനിമയെ പ്രശംസിച്ചു ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സിനിമയ്ക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ സംവിധാനവും മികച്ച അഭിനേതാക്കളുമാണ് ചിത്രത്തിലുള്ളതെന്ന് അനുഷ്ക ഇതോടൊപ്പം കുറിച്ചു. ചിത്രത്തിന്റെ സംവിധായകൻ മധു സി നാരായണനെ ടാഗ് ചെയ്യാനും താരം മറന്നില്ല.

ഇതിനു മുൻപ് ബോളിവുഡിലെ പ്രശസ്ത ഗായകൻ അർജിത് സിങ്ങും സിനിമയിലെ ഗാനങ്ങളെ പ്രശംസിച്ചു രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ ചിരാതുകൾ എന്ന ഗാനത്തെയാണ് ഗായകൻ പ്രശംസിച്ചത്. പാട്ട് തനിക്കേറെ ഇഷ്ടമായെന്നു പറഞ്ഞ അർജിത് സിംഗ് ‘മാസ്റ്റർ പീസ്’ എന്നാണ് പാട്ടിനെ വിശേഷിപ്പിച്ചത്. ഗാനത്തിന്റെ വീഡിയോ അടക്കമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തുടർന്ന് ഗാനമാലപിച്ച സിതാര കൃഷ്ണ കുമാർ അർജിത്തിന്റെ പോസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

കുമ്പളങ്ങി തുരുത്തിലെ നെപ്പോളിയന്റെ മക്കളുടെ കഥപറഞ്ഞ സിനിമ ഇതിനോടകം തന്നെ നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. സാധാരണക്കാരന്റെ പച്ചയായ ജീവിതത്തെ അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ഷൈൻ നിഗം, അന്ന ബെൻ, ശ്രീനാഥ്‌ ഭാസി,മാത്യു തോമസ്, ഗ്രേസ് ആന്റണി എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദേശീയ തലത്തിൽ തന്നെ സിനിമക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE