മലപ്പുറം: ജില്ലയിലെ മുണ്ടേരി ഇരുട്ടുകുത്തിയിൽ ആറ് മാസത്തിനുള്ളിൽ പാലം നിർമിക്കാൻ ജില്ലാ കളക്‌ടറുടെ ഉത്തരവ്. 2018ലെ മഹാപ്രളയത്തിൽ നാല് ആദിവാസി കോളനിക്കാർ ആശ്രയിച്ചിരുന്ന ഇരുട്ടുകുത്തിയിലെ നടപ്പാലം ഒലിച്ചുപോയിരുന്നു. പാലം ഒലിച്ചുപോയതോടെ മറ്റ് യാത്രാ മാർഗമില്ലാതെ കോളനിക്കാർ ഏറെ ദുരിതത്തിൽ ആയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ ശക്‌തമായ മഴയിൽ പുഴയിൽ വെള്ളം കയറിയതോടെ കോളനി വാസികൾ പൂർണമായി ഒറ്റപ്പെട്ട അവസ്‌ഥയിൽ ആയിരുന്നു. ഇതോടെയാണ് ജില്ലാ കളക്‌ടർ വിആർ പ്രേംകുമാർ ചങ്ങാടത്തിലൂടെ പുഴകടന്ന് കോളനികളിൽ നേരിട്ടെത്തി സ്‌ഥിതിഗതികൾ വിലയിരുത്തിയത്. മൂന്ന് മീറ്റർ വീതിയിലുള്ള പാലം ആറുമാസത്തിനകം നിർമിക്കണമെന്ന് ജില്ലാ ഭരണകൂടം പൊതുമരാമത്ത് എഞ്ചിനിയർക്ക് നിർദ്ദേശം നൽകി.
ഇതിന് ആവശ്യമായ അനുമതി എത്രയും പെട്ടെന്ന് നൽകാൻ വനംവകുപ്പിനോടും ആവശ്യപെട്ടിട്ടുണ്ട്. അതേസമയം, കോളനിയിൽ ഒരുമാസത്തിനകം വൈദ്യുതി എത്തിക്കുമെന്നും കളക്‌ടർ ഉറപ്പ് നൽകിയിട്ടുണ്ട്. 2018ലെ പ്രളയത്തിൽ പാലം ഒലിച്ചുപോയതോടെ കുമ്പളപ്പാറ, തരിപ്പപൊട്ടി, വാണിയമ്പുഴ, മൂച്ചിക്കൽ എന്നീ കോളനിക്കാരാണ് പൂർണമായി ഒറ്റപെട്ടത്.
Most Read: ഖേദ പ്രകടനം സ്വാഗതം ചെയ്യുന്നു, എങ്കിലും പരാതിയിൽ നിന്ന് പിന്നോട്ടില്ല; മേയർ