കൈക്കമ്പ : ഉപ്പളയ്‌ക്കടുത്ത് ബേക്കൂർ സോങ്കാലിൽ അടച്ചിട്ട വീട്ടിൽ മോഷണം. സ്വർണവും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും കവർന്നു. കൂടാതെ, സിസിടിവിയുടെ മോണിറ്റർ, വിലകൂടിയ വാച്ച് എന്നിവയും മോഷണം പോയി. സോങ്കാലിലെ ജിഎം അബ്‌ദുള്ളയുടെ വീട്ടിൽ വെള്ളിയാഴ്‌ച രാത്രിയാണ് മോഷണം. മൂന്ന് മാസക്കാലമായി വീട് അടച്ചിരിക്കുകയാണ്. അബ്‌ദുള്ളയും കുടുംബവും വിദേശത്താണ്. ഇദേഹത്തിന്റെ ബന്ധുവായ സോങ്കാലിലെ സിദ്ദീഖിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മുറ്റത്ത് പതിവായി കാണുമായിരുന്ന കാർ ശനിയാഴ്‌ച രാവിലെ ഇല്ലാത്തതിനെ തുടർന്ന് അയൽവാസികൾ പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് അബ്‌ദുള്ളയുടെ ബന്ധുവായ സിദ്ദിഖിനെ കാര്യം അറിയിച്ചു. ഇദ്ദേഹം എത്തിയതിന് ശേഷമാണ് കവർച്ച നടന്നതായി സ്‌ഥിരീകരിച്ചത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്‌ടാക്കൾ അകത്തുകടന്നത്. സ്വർണം നഷ്‌ടപ്പെട്ടതിന്റെ കൃത്യമായ കണക്ക് പോലീസിൽ നൽകിയിട്ടില്ല. വീട്ടുടമസ്‌ഥൻ ഗൾഫിൽനിന്ന് എത്തിയതിന് ശേഷമേ സ്വർണത്തെക്കുറിച്ച് വ്യക്‌തത വരൂ എന്ന് പോലീസ് പറഞ്ഞു. കാസർഗോട്ട് നിന്ന് വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും കവർച്ച നടന്ന വീടും പരിസരവും പരിശോധിച്ചു. ഏതാനും വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. കുമ്പള ഇൻസ്‌പെക്‌ടർ പി പ്രമോദ്, എസ്‌ഐ. രാജീവ് കുമാർ, വികെ അനീഷ് എന്നിവർ സ്‌ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Also Read: ഫ്രാങ്കോ കുറ്റ വിമുക്‌തൻ; അപ്പീൽ നൽകുമെന്ന് അതിജീവിത