തൃശൂര്‍: ജില്ലയിലെ കൊരട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും വിൽപനക്കായി എത്തിച്ച 20 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ചാലക്കുടി സ്വദേശികളായ രണ്ടുപേർ അറസ്‌റ്റിലായി.
രഞ്‌ജു, രാജേഷ് എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്‌പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്. അന്യസംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ ലഹരി വസ്‌തുക്കള്‍ എത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
പിക്ക് അപ്പ് വാഹനത്തിലാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. കര്‍ണാടകയില്‍ നിന്നും പച്ചക്കറികളും പഴങ്ങളും കൊണ്ടുവരികയാണെന്ന വ്യാജേനയാണ് വാഹനങ്ങളില്‍ കഞ്ചാവ് കടത്തുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അതേസമയം ലഹരി വസ്‌തുക്കള്‍ കൊണ്ടുവരുന്നതിന് പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. കൂടാതെ ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങി വിൽക്കുന്നവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
Most Read: രാഹുലിന്റെ ചിത്രം പ്രൊഫൈല്‍ പിക്‌ചറാക്കി പ്രിയങ്ക; ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍