ന്യൂഡെൽഹി: സിബിഎസ്‌ഇ സ്‌കൂളുകളിൽ 9, 10 ക്ളാസുകളിലെ ഭാഷാ പഠനത്തിൽ വൻ പരിഷ്‌കാരങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ. ജൂലൈ ഒന്നുമുതൽ ഒമ്പത്, പത്ത് ക്ളാസുകളിലെ വിദ്യാർഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കും.
2026-27 അധ്യയന വർഷം മുതൽ 9,10 ക്ളാസുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കിക്കൊണ്ട് മേയ് 15ന് ബോർഡ് പുതിയ സർക്കുലർ പുറത്തിറക്കി. ദേശീയ വിദ്യാഭ്യാസ നയത്തിനും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും അനുസൃതമായാണ് ഈ മാറ്റം.
തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണം. എന്നാൽ, പത്താം ക്ളാസിൽ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന മൂന്നാമത്തെ ഭാഷയ്‌ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ല. ഈ ഭാഷയുടെ മൂല്യനിർണയം പൂർണമായും സ്‌കൂൾ തലത്തിലായിരിക്കും. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വിദ്യാർഥികളിലെ അനാവശ്യ സമ്മർദ്ദം കുറയ്‌ക്കാനുമാണ് ഈ തീരുമാനമെന്ന് ബോർഡ് അറിയിച്ചു.
സിബിഎസ്ഇയുടെ പട്ടികയിലുള്ള ഏത് ഭാഷയും സ്‌കൂളുകൾക്ക് തിരഞ്ഞെടുക്കാം. രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ വിദേശ ഭാഷകളെ നാലാമത്തെ ഓപ്‌ഷനിൽ ഭാഷയായി തിരഞ്ഞെടുക്കാം. ഇംഗ്ളീഷും ഹിന്ദിയും ഉൾപ്പടെ 44 ഭാഷകൾ സിബിഎസ്ഇയുടെ ഭാഷാ വിഷയങ്ങളുടെ പട്ടികയിലുണ്ട്.
ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കാൻ യോഗ്യരായ അധ്യാപകരുടെ കുറവ് പരിഹരിക്കാൻ സ്‌കൂളുകൾക്ക് താൽക്കാലിക ഇളവുകളും അനുവദിച്ചിട്ടുണ്ട്. സ്‌കൂളുകൾ തമ്മിൽ അധ്യാപകരെ പങ്കിടുക, ഹൈബ്രിഡ് ക്‌ളാസുകൾ നൽകുക, വിരമിച്ച അധ്യാപകരെയും തത്തുല്യ യോഗ്യതയുള്ള പിജി ബിരുദധാരികളെയും നിയമിക്കുക തുടങ്ങിയ മാർഗങ്ങൾ സ്‌കൂളുകൾക്ക് സ്വീകരിക്കാം.
Most Read| തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയിക്ക്




































