ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഫോണ്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാനുള്ള അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഐ ഫോണ്‍ അടക്കമുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയക്കാന്‍ സാധിക്കും. ‘മേക്ക് ഫോര്‍ വേള്‍ഡ്’ പദ്ധതി പ്രകാരമാണ് ഏഴ് പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയം അനുമതി നല്‍കിയത്.
‘മേക്ക് ഫോര്‍ വേള്‍ഡ്’ പദ്ധതിയിലൂടെ കൂടുതല്‍ വിദേശ കമ്പനികളുടെ നിര്‍മ്മാണ യൂണിറ്റുകളെ ഇന്ത്യയിലെത്തിക്കുകയും അതുവഴി തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് അനുമതി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഉന്നത തല സമിതിയാണ് നിര്‍മ്മാണത്തിന് അനുവാദം നല്‍കിയത്. നീതി ആയോഗ് മേധാവി, കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, വിദേശ വ്യാപാര മന്ത്രാലയം എന്നീ സ്ഥാപനങ്ങളുടെ മേധാവികള്‍ അടങ്ങുന്ന സമിതിയാണ് തീരുമാനം എടുക്കുന്നത്. അതേസമയം ഇവിടെ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന ഫോണുകള്‍ക്കു മാത്രമാണ് അനുമതി. ഇതോടെ ഏഴു ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്നും നടക്കാന്‍ പോകുന്നത്.
അടുത്ത 5 വര്‍ഷത്തിനകം ആപ്പിളും സാംസങ്ങും മാത്രം 3 ലക്ഷം കോടിയുടെ ഫോണുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുക. ഇവര്‍ക്കുപുറമെ വിദേശ കമ്പനികളായ ഫോക്സ്കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവയും രംഗത്തുണ്ട്. ഇന്ത്യന്‍ കമ്പനികളായ ലാവ, മൈക്രോമാക്സ്, ഡിക്സണ്‍, കാര്‍ബണ്‍, ഒപ്റ്റിമസ് എന്നീ കമ്പനികളും കയറ്റുമതിക്കായി അപേക്ഷ നല്‍കിയതായാണ് വിവരം.