ഗുവഹാത്തി: അസമിൽ കോൺഗ്രസ് എംഎൽഎ രൂപ്ജ്യോതി കുർമി പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി അംഗത്വത്തിന് പുറമേ നിയമസഭാംഗത്വവും രാജിവെച്ച ഇദ്ദേഹം അസം നിയമസഭാ സ്‌പീക്കർ ബിശ്വജിത് ഡൈമറിക്ക് രാജിക്കത്ത് കൈമാറി. നാലു തവണ എംഎൽഎയായിരുന്ന രൂപ്ജ്യോതി ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം.
പാർട്ടി നേതൃത്വം യുവനേതാക്കളുടെ ശബ്‍ദം അവഗണിച്ചതിനാലാണ് കോൺഗ്രസ് വിടുന്നതെന്ന് രൂപജ്യോതി കുർമി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരേയും ജോർഹട്ട് ജില്ലയിലെ മരിയാനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഇദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാഹുൽ ഗാന്ധിക്ക് പാർട്ടിയെ നയിക്കാനാകില്ലെന്നും അദ്ദേഹമാണ് നയിക്കുന്നതെങ്കിൽ പാർട്ടി മുന്നോട്ട് പോകില്ലെന്നും കുർമി ആഞ്ഞടിച്ചു.
‘കോൺഗ്രസ് അതിന്റെ യുവ നേതാക്കളെ കേൾക്കുന്നില്ല. അതിനാൽ തന്നെ എല്ലാ സംസ്‌ഥാനങ്ങളിലും പാർട്ടിയുടെ സ്‌ഥിതി വഷളാവുകയാണ്,’ രൂപ്ജ്യോതി കുർമിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.
രാജിക്ക് പിന്നാലെ അഖിലേന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള (എഐയുഡിഎഫ്) കോൺഗ്രസിന്റെ സഖ്യത്തെയും ഇദ്ദേഹം വിമർശിച്ചു. ഇത്തവണ അധികാരത്തിൽ വരാൻ കോൺഗ്രസിന് നല്ല അവസരമുണ്ടെന്നും എഐയുഡിഎഫുമായി സഖ്യം ഉണ്ടാക്കുന്നത് അബദ്ധമായിരിക്കുമെന്നും താൻ മുന്നറിയിപ്പ് നൽകിയിരുന്നതായി പറഞ്ഞ രൂപ്ജ്യോതി കുർമി ഇപ്പോൾ അങ്ങനെ തന്നെ സംഭവിച്ചുവെന്നും കുറ്റപ്പെടുത്തി.
Most Read: ട്രാൻസ് ജെൻഡേഴ്‌സിന് പ്രത്യേക കോവിഡ് സാമ്പത്തിക സഹായം; തമിഴ്‌നാട് സർക്കാർ