കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് നഗര മധ്യത്തിൽ പട്ടാപ്പകൽ ആക്രമണം നടത്തി കാറും സ്വർണവും കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിലെ പ്രതികളായ മുകേഷ്, ദാമോദരൻ, അശ്വിൻ തുടങ്ങി കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് അന്വേഷണം ശക്‌തമാക്കിയിരിക്കുന്നത്. കേസിൽ അമ്പലത്തറ മൂന്നാംമൈലിലെ രാജേന്ദ്ര പ്രസാദിനെ (27) പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ഗുരുവായൂർ കേന്ദ്രീകരിച്ചാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷനിൽ ഗുരുവായൂർ കണ്ടതിനെ തുടർന്നാണ് പോലീസ് സ്‌ഥലത്തെത്തി പരിശോധന ആരംഭിച്ചിരിക്കുന്നത്. അതേസമയം, പ്രതികളിലൊരാൾ മൂന്നാം മൈൽ പറക്കളായിൽ ഉണ്ടെന്നും പോലീസ് പറയുന്നു. ഇയാളുടെ മൊബൈൽ ലൊക്കേഷൻ പറക്കളായിൽ കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
പ്രതിയെ കണ്ടെത്താനായി കഴിഞ്ഞ ദിവസം ഇവിടെ ഡ്രോൺ പരാതിയുള്ള പരിശോധനയും നടത്തിയിരുന്നു. കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കണ്ടറി റോഡിൽ ഗണേഷ് മന്ദിരത്തിന് പിറകുവശത്തുള്ള എച്ച്‌ആർ ദേവദാസിനെയും ഭാര്യയെയും ആക്രമിച്ച് മർദ്ദിച്ച ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ കാറും സ്വർണവും പണവും കവരുകയായിരുന്നു.
Most Read: കോവിഡ്; ഇസ്രയേലിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്