കൊച്ചി: സുപ്രീം കോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും കെ റെയിൽ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. അശാസ്‌ത്രീയവും അനാവശ്യവുമായ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ നിലപാട് വിശദീകരിക്കാൻ പോലും അവസരം നിഷേധിച്ച് കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നാണ് സമിതിയുടെ വിമർശനം.
പദ്ധതിയുടെ പേരിൽ കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരകണക്കിന് ജനങ്ങളുടെ ആശങ്കകൾ ശരിയായ രീതിയിൽ അപഗ്രഥിക്കാതെയാണ് കോടതി ഉത്തരവ് വന്നതെന്നും സമരസമിതി വിമർശിച്ചു. സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായുള്ള സർവേ നടത്തുന്നതിന് തടസം നിൽക്കാൻ ആവില്ലെന്ന പരാമർശത്തോടെയാണ് അപ്പീൽ തള്ളിയ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
കേരളമെന്ന അതീവ പരിസ്‌ഥിതി ലോലമായ ഈ നാട് കൊടിയ പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും കൊണ്ട് ദുരിതത്തിലാണ്. പരിസ്‌ഥിതിക്കും ആവാസവ്യവസ്‌ഥക്കും മേൽ വലിയ ആഘാതം സൃഷ്‌ടിക്കുന്നതാണ് നിർദ്ധിഷ്‌ട സിൽവർ ലൈൻ പദ്ധതി. ഈ നാടിനെ സ്‌നേഹിക്കുന്ന ഒരാൾക്കും ഇത്തരമൊരു നിർമാണം അനുവദിക്കാൻ കഴിയുകയില്ല. പദ്ധതി മൂലം ഇരുപതിനായിരത്തിലേറെ കുടുംബങ്ങൾ അനാഥമാക്കപ്പെടും.
ജനഹിതം കണക്കിലെടുക്കാതെയുള്ള കോടതി വിധികൾ ജനാതിപത്യ സംവിധാനത്തിന് ഗുണകരമല്ല. ആയതിനാൽ സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ജനകീയ പ്രക്ഷോഭം വരും ദിവസങ്ങളിൽ കൂടുതൽ ശക്‌തിപ്പെടുത്തും. സാമൂഹിക ആഘാത പഠനത്തിനെന്ന പേരിൽ സ്വകാര്യ ഭൂമിയിൽ അതിക്രമിച്ച് കയറി കല്ലിടുന്നത് നിലനിൽക്കുന്ന നിയമവ്യവസ്‌ഥയുടെ ലംഘനമാണ്. റവന്യൂ വകുപ്പിന്റെ നിർദ്ദേശ പ്രകാരമല്ല കല്ലിടുന്നതെന്ന് റവന്യൂ മന്ത്രി തന്നെ ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ദുരൂഹതകളും അവ്യക്‌തതകളും തുടരുകയാണ്. കേരള ജനതയുടെ നിലനിൽപ്പിനെയും ആവാസ വ്യവസ്‌ഥയെയും ചോദ്യം ചെയ്യുന്ന ഈ പദ്ധതിക്ക് എതിരെ ശക്‌തമായ ജനകീയ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
Most Read: ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവം; പർവതീകരിച്ചു കാണേണ്ടതില്ലെന്ന് വി ശിവൻകുട്ടി