തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ സംസ്‌ഥാനത്ത് ഉണ്ടായ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കരുതെന്നും അത്യജ്‌ജ്വലമായ സമരത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും മന്ത്രി പ്രതികരിച്ചു.
പണിമുടക്കിന് നേതൃത്വം നൽകുന്നത് ഏതെങ്കിലും സംസ്‌ഥാനത്തിന്റെ ഭരണകക്ഷിയല്ല. ട്രേഡ് യൂണിയനുകൾ ആണ്. ദേശീയ അടിസ്‌ഥാനത്തിലുള്ള 12 ഓളം വരുന്ന ട്രേഡ് യൂണിയനുകളും സംസ്‌ഥാന അടിസ്‌ഥാനത്തിലുള്ള 32 ഓളം ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. ഇന്ധനവിലയും തൊഴിലില്ലായ്‌മയും വിലക്കയറ്റവും അടക്കമുള്ള പ്രശ്‌നങ്ങളിൽ തീരുമാനം ഉണ്ടാക്കാനാണ് സമരം നടക്കുന്നത്.
ജനങ്ങളെ ബാധിക്കുന്ന സമരമല്ല. ഇന്നുണ്ടായ ആക്രമണങ്ങൾ ഒറ്റപ്പെട്ടത് മാത്രമാണ്. ഇതിനെയൊന്നും പർവതീകരിച്ചു കാണേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. പണിമുടക്ക് തുടരുന്നതിനിടെ പലയിടത്തും ഇന്ന് രാവിലെ മുതൽ സമരക്കാർ വാഹനങ്ങൾക്കും തൊഴിലാളികൾക്കും നേരെ പ്രതിഷേധിച്ചിരുന്നു. നിരവധി സ്‌ഥാപനങ്ങളിൽ ജോലി ചെയ്യാനെത്തിയ ജീവനക്കാരെ തിരിച്ചയച്ചു. സ്വകാര്യ വാഹനങ്ങളിലും ടാക്‌സിയിലും സഞ്ചരിച്ചവർക്കും സമാന അനുഭവമാണ് ഉണ്ടായത്.
Most Read: റേഷൻ ഇനി വീട്ടുപടിക്കൽ; പദ്ധതിയുമായി പഞ്ചാബ് സർക്കാർ