ന്യൂഡെൽഹി: റേഷൻ സാധനങ്ങൾ ഇനിമുതൽ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയുമായി പഞ്ചാബ് സർക്കാർ. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്നും, നിലവാരമുള്ള ഭക്ഷ്യധാന്യങ്ങളും, പയറു വർഗങ്ങളും ആയിരിക്കും വിതരണം ചെയ്യുകയെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ തന്നെയാണ് വ്യക്‌തമാക്കിയത്.
നമ്മുടെ പ്രായമായ അമ്മമാർക്ക് ഇനി മുതൽ മണിക്കൂറുകളോളം റേഷൻ വാങ്ങാൻ ക്യൂ നിൽക്കേണ്ടി വരില്ലെന്നും, ആർക്കും തങ്ങളുടെ ദിവസക്കൂലി ഉപേക്ഷിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തുന്ന വിധത്തിലുള്ള പദ്ധതി തയ്യാറാക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചത്.
നേരത്തെ ഡെൽഹിയിൽ ആം ആദ്‌മി സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഇതെന്നും, എന്നാൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഇത് ഉപേക്ഷിക്കേണ്ടി വന്നെന്നും ഭഗവന്ത് മൻ വ്യക്‌തമാക്കി. എന്നാൽ പഞ്ചാബിൽ പദ്ധതി വിജയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: പണിമുടക്കിലും മുടക്കമില്ലാതെ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദി നിർമാണം