പൊന്നാനി: അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകളെ പിടികൂടാൻ കച്ച കെട്ടിയിറങ്ങി പോലീസ്. ഇന്നലെ 79 പേരെയാണ് പിടികൂടിയത്. കോവിഡ് പ്രതിരോധ മുൻകരുതലുകൾ ലംഘിച്ചതിന് ഇവർക്കെതിരെ പിഴയും ചുമത്തി. രാത്രിയും പകലും ഉൾപ്രദേശങ്ങളിലടക്കം കർശന പരിശോധനയുമായാണ് പോലീസ് മുന്നോട്ട് പോകുന്നത്. തീരദേശ മേഖലയിൽ അഴിമുഖത്തും കടപ്പുറത്തും അനാവശ്യമായി വന്നിരിക്കുന്നവരെ വിരട്ടിയോടിക്കുന്നുണ്ട്.
പൊന്നാനിയിൽ കോവിഡ് കേസുകൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. പൊന്നാനി ടിബി ആശുപത്രി കെട്ടിടത്തിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിൽ ദിവസവും പരിശോധനനക്കായി എത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്. പരിശോധന നടത്തുന്നവരിൽ അധികം പേർക്കും രോഗം സ്‌ഥിരീകരിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
ആന്റിജൻ പരിശോധന നിലച്ച മട്ടാണ്. പരിശോധനാ കിറ്റ് പരിമിതമായി മാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനാൽ അത്യാവശ്യക്കാർക്ക് മാത്രമാണ് ആന്റിജൻ പരിശോധന നടത്തുന്നത്. ആശുപത്രിയിൽ ചികിൽസ കിട്ടാൻ കോവിഡ് പരിശോധന നിർബന്ധമാകുന്ന രോഗികൾക്ക് സാഹചര്യം പരിഗണിച്ചു മാത്രം ആന്റിജൻ ടെസ്‌റ്റ് നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം. കോവിഡ് സ്‌ഥിരീകരിച്ചവർക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലെങ്കിൽ നഗരസഭ സൗകര്യവും ഏർപ്പാടാക്കി നൽകുന്നുണ്ട്.
Also Read: രോഗബാധിതർ വർധിക്കുന്നു; ഓക്‌സിജൻ കിടക്കകൾ നിറഞ്ഞ് സംസ്‌ഥാനം