ന്യൂഡെല്‍ഹി : ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ രാജ്യത്ത് അടുത്ത വര്‍ഷവും രോഗവ്യാപനം തുടരുമെന്നതിന്റെ സൂചനയാണെന്ന് എയിംസ്. രാജ്യത്ത് ഇപ്പോള്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീഗപ് ഗുലേറിയ വ്യക്തമാക്കി.
രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. പ്രതിദിന കണക്കുകളിലെ ഈ കുതിച്ചുചാട്ടം വ്യക്തമാക്കുന്നത് തുടര്‍ന്നുള്ള വര്‍ഷത്തിലെ രോഗവ്യാപനമാണ്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ സമയത്തെ അപേക്ഷിച്ച് ഇപ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതില്‍ ആളുകള്‍ കാണിക്കുന്ന അലംഭാവമാണ് രാജ്യത്ത് ഇത്രയധികം രോഗവ്യാപനം ഉണ്ടാകാന്‍ കാരണമെന്നും എയിംസ് പറഞ്ഞു. സമ്പര്‍ക്ക വ്യാപനം കൂടിയ സാഹചര്യത്തില്‍ ഇനിയുള്ള മാസങ്ങളില്‍ രോഗവ്യാപനം വര്‍ധിച്ചേക്കാമെന്നും ഡോ. രണ്‍ദീഗപ് ഗുലേറിയ വ്യക്തമാക്കി.
ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 40 ലക്ഷം പിന്നിട്ടു. 70000ല്‍ അധികം ആളുകളാണ് ഇതുവരെ കോവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടത്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ രോഗവ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.