തിരുവനന്തപുരം : സംസ്‌ഥാനത്തെ വിമാനത്താവളങ്ങളില്‍ ഇന്നെത്തുന്ന കോവിഡ് വാക്‌സിന്‍ നാളെ ജില്ലാ സ്‌റ്റോറുകളിലേക്ക് വിതരണം ചെയ്യും. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തുന്ന വാക്‌സിന്‍ അതാത് റീജിയണല്‍ സ്‌റ്റോറുകളില്‍ സൂക്ഷിക്കും. അവിടെ നിന്നും നാളെയാണ് ജില്ലാ സ്‌റ്റോറുകളിലേക്ക് വാക്‌സിന്‍ എത്തിക്കുന്നത്. ഉല്‍പാദന കേന്ദ്രം മുതല്‍ കുത്തിവെപ്പ് വരെ വാക്‌സിന്‍ 2 – 8 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കണം. അതിനാല്‍ ഇന്‍സുലേറ്റഡ് വാഹനങ്ങളില്‍ മാത്രമേ വാക്‌സിന്‍ കൊണ്ടുപോകുകയുള്ളൂ.
ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന കോവിഡ് വാക്‌സിന്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും, എറണാകുളം വിമാനത്താവളത്തില്‍ എത്തുന്ന വാക്‌സിന്‍ എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലും, കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന വാക്‌സിന്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും വിതരണം ചെയ്യും.
ജില്ലാ സ്‌റ്റോറുകളില്‍ എത്തിക്കുന്ന വാക്‌സിന്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണം വിതരണം ചെയ്യും. സംസ്‌ഥാനത്തെ 133 കേന്ദ്രങ്ങളിലായാണ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തുക. പ്രതിദിനം 100 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് നടത്തും. അതേസമയം തന്നെ ഗര്‍ഭിണികള്‍ക്കും, 18 വയസില്‍ താഴെ ഉള്ളവര്‍ക്കും വാക്‌സിന്‍ നല്‍കേണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കുമെന്നും സംസ്‌ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.
Read also : മരട് ഫ്‌ളാറ്റ് പൊളിക്കലിന്റെ കഥയുമായി ‘മരട് 357’; റിലീസ് തീയതി പുറത്ത്