പൂനെ: കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായതിനെ തുടർന്ന് ഗുരുതരമായ ശാരീരിക, മാനസിക പ്രശ്‌നങ്ങൾ ഉണ്ടായെന്ന ചെന്നൈ സ്വദേശിയുടെ ആരോപണം തെറ്റാണെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങുകയാണ് വാക്‌സിൻ നിർമാണ കമ്പനിയായ സിറം ഇൻസ്‌റ്റിറ്റൃൂട്ട്. തെറ്റിദ്ധാരണാജനകമായ പ്രസ്‌താവന നടത്തിയതിന് ഇയാൾക്കെതിരെ 100 കോടി രൂപയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
സന്നദ്ധ പ്രവർത്തകന്റെ ആരോഗ്യ നിലയും വാക്‌സിൻ പരീക്ഷണവുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്പനി വ്യക്‌തമാക്കി. അദ്ദേഹത്തിന്റെ അവസ്‌ഥയിൽ സഹതാപമുണ്ടെന്നും കമ്പനി അറിയിച്ചു. അദ്ദേഹത്തിനുണ്ടായ ആരോഗ്യ പ്രശ്‍നങ്ങൾ വാക്‌സിനെടുത്തത് മൂലമല്ലെന്ന് മെഡിക്കൽ സംഘം കൃത്യമായി ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും, ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത് കമ്പനിയുടെ യശസ് തകർക്കാൻ ഉദ്ദേശിച്ചാണെന്ന് കമ്പനി പറയുന്നു. അതിനാൽ, 100 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഹരജി നൽകുമെന്നും സിറം ഇൻസ്‌റ്റിറ്റൃൂട്ട് വ്യക്‌തമാക്കി.
ഒക്‌ടോബർ 1ന് ശ്രീരാമചന്ദ്ര ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നിന്ന് കോവീഷീൽഡ് വാക്‌സിന്റെ ഷോട്ട് സ്വീകരിച്ച ശേഷം തനിക്ക് നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായെന്ന് ആരോപിച്ചാണ് ചെന്നൈ സ്വദേശിയായ ബിസിനസ് കൺസൾട്ടന്റ് രംഗത്തെത്തിയത്. 5 കോടി രൂപ നഷ്‌ടപരിഹാരമായി നൽകണമെന്നും കോവിഷീൽഡിന്റെ നിർമാണം അടിയന്തരമായി നിർത്തി വെക്കണമെന്നും ലീഗൽ നോട്ടീസിലൂടെ ഇയാൾ ആവശ്യപ്പെട്ടിരുന്നു.
സന്നദ്ധ പ്രവർത്തകൻ നേരിടുന്ന പ്രശ്‍നങ്ങൾ വാക്‌സിന്റെ ഫലമായാണോ എന്ന കാര്യം ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും ശ്രീരാമചന്ദ്ര ഇൻസ്‌റ്റിറ്റൃൂട്ടിലെ എത്തിക്‌സ് കമ്മിറ്റിയും പരിശോധിച്ച് വരികയാണ്. ഇതിനിടയിലാണ് ആരോപണം തെറ്റാണെന്ന് വ്യക്‌തമാക്കി സിറം ഇൻസ്‌റ്റിറ്റൃൂട്ട് മുന്നോട്ട് വന്നത്.