മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ലഹരി മരുന്ന് പിടിച്ചെടുക്കാതെ എന്തിനാണ് കസ്‌റ്റഡിയിൽ വെക്കുന്നതെന്ന ചോദ്യം ആവർത്തിച്ച് ആര്യന്റെ അഭിഭാഷകൻ ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് സൂചനകൾ.
ആര്യൻ ഖാൻ, സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മുൺ മുൺ ധമേച്ഛ എന്നിവരടക്കം 8 പേരെ കസ്‌റ്റഡി കാലാവധി കഴിഞ്ഞതോടെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിരപരാധികളെയാണ് പിടികൂടിയിരിക്കുന്നതെന്ന ആരോപണവുമായി അറസ്‌റ്റിലായ പലരുടെയും ബന്ധുക്കൾ എൻസിബി ഓഫിസിന് മുന്നിലെത്തുകയും ചെയ്‌തിരുന്നു.
അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും, റെയ്ഡ് നടത്തിയ എൻസിബി സംഘത്തിനൊപ്പം ബിജെപി നേതാവ് മനീഷ് ഭാനുശാലിയും സ്വകാര്യ ഡിറ്റക്‌ടീവും ഉണ്ടായിരുന്നെന്നും എൻസിപി വക്‌താവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക് ആരോപണം ഉന്നയിച്ചു. എന്നാൽ ഈ ആരോപണങ്ങൾ തള്ളിയ എൻസിബി ഇതുവരെ റെയ്‌ഡിൽ പങ്കെടുത്ത സ്വകാര്യ വ്യക്‌തികളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ല.
Read also: യാത്രയ്‌ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിയ്‌ക്ക് സുഖപ്രസവം