കൊച്ചി: കളമശ്ശേരിയിലെ യുഡിഎഫ് തോൽവിക്ക് പിന്നാലെ കോൺഗ്രസ്-ലീഗ് തർക്കം മുറുകുന്നു. പാലാരിവട്ടം പാലമടക്കമുള്ള വിഷയങ്ങൾ ചർച്ചയായ കളമശ്ശേരി മണ്ഡലത്തിൽ തോറ്റത് ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ് നൽകിയത് മൂലമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അബ്‌ദുൾ മുത്തലിഫ് ആരോപിച്ചു. കോൺഗ്രസ് സ്‌ഥാനാർഥിയാണ് മൽസരിച്ചതെങ്കിൽ കളമശ്ശേരിയിൽ ജയിക്കുമായിരുന്നുവെന്നും മുത്തലിഫ് പറഞ്ഞു.
കോൺഗ്രസിലെ ചില നേതാക്കൾ കാല് വാരിയതാണ് കളമശ്ശേരിയിലെ യുഡിഎഫ് സ്‌ഥാനാർഥി ഗഫൂറിന്റെ പരാജയത്തിന് പിന്നിലെന്ന ആരോപണം ഇബ്രാഹിം കുഞ്ഞിനോട് അടുപ്പമുള്ളവർ ശക്‌തമാക്കിയ സാഹചര്യത്തിലാണ് ലീഗിനെതിരെ രൂക്ഷമായ വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറി അബ്‌ദുൾ മുത്തലിഫ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
തോൽവിക്ക് കാരണം കോൺഗ്രസല്ല. ലീഗിലെ വിഭാഗീയതയാണ്. ന്യൂനപക്ഷ വോട്ടുകൾ ലീഗിന് സമാഹരിക്കാനായില്ല. ഹൈന്ദവ വോട്ടുകളും പി രാജീവ് കൊണ്ടു പോയി.പാലാരിവട്ടം പാലം അഴിമതി കത്തിനിൽക്കേ ഇബ്രാഹീം കുഞ്ഞിന്റെ മകന് ലീഗ് സീറ്റ് കൊടുക്കരുതായിരുന്നു. മുസ്‌ലിം ലീഗിലെ വിഭാഗീയതയക്ക് കോൺഗ്രസിന് ഉത്തരവാദിത്തം ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read Also: 4 മന്ത്രിസ്‌ഥാനം ആവശ്യപ്പെടും; വിട്ടുവീഴ്‌ചക്കില്ല; നിലപാടുമായി സിപിഐ