അഗര്‍ത്തല: ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങള്‍ക്കു പിന്നാലെ വിവാഹത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യം ത്രിപുരയിലും ശക്‌തമാകുന്നു.
വിവാഹത്തിനായുള്ള മതപരിവര്‍ത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ‘ലൗ ജിഹാദ് നമ്മുടെ സമൂഹത്തിനും ഹിന്ദു സ്‍ത്രീകള്‍ക്കും ഭീഷണിയാണ്. ഹിന്ദു പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. വിപുലമായ മത പരിവര്‍ത്തനത്തിന്റെ അജണ്ട ഉള്‍ക്കൊള്ളുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഒരു നിയമം നടപ്പാക്കിയില്ലെങ്കില്‍, ഈ ഭീഷണി തുടരും’ -ഹിന്ദു ജാഗരണ്‍ മഞ്ച് ത്രിപുര യൂണിറ്റ് പ്രസിഡണ്ട് ഉത്തം ദേ ആരോപിക്കുന്നു.
ഈയടുത്ത് രണ്ട് ലൗ ജിഹാദ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇതുവരെ അറസ്‌റ്റൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ ലോക്ക്ഡൗണ്‍ കാലത്ത് മാത്രം ഒന്‍പത് ലൗ ജിഹാദ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് ഉത്തം ദേ ആരോപിച്ചത്. എന്നാല്‍, ഒറ്റപ്പെട്ട ഒന്ന് രണ്ട് സംഭവങ്ങള്‍ ഒഴിച്ചാല്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട വേറെ റെക്കോഡുകളൊന്നും ഇല്ലെന്നാണ് പൊലീസ് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശില്‍ വിവാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാക്കികൊണ്ടുള്ള യുപി സര്‍ക്കാറിന്റെ ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് (2020) ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുരയിലും സമാന ആവശ്യം ഉയരുന്നത്.