മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ സത്യപ്രതിജ്‌ഞ ചെയ്യും. വൈകിട്ട് 5.30ന് സത്യപ്രതിജ്‌ഞ നടക്കുമെന്ന് ഫഡ്‌നാവിസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മഹായുതി നേതാക്കൾ മഹാരാഷ്‌ട്ര ഗവർണർ സിപി രാധാകൃഷ്‌ണനെ കണ്ടിരുന്നു.
പിന്നാലെയാണ് ഫഡ്‌നാവിസിനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ വിളിച്ചത്. ഇതോടെ മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ അനിശ്‌ചിതത്വത്തിന് പരിഹാരമായി. മഹാരാഷ്‌ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസിനെ നിയമസഭാ കക്ഷിയോഗം ഏകകണ്‌ഠമായി തിരഞ്ഞെടുത്തിരുന്നു. ആശിഷ് ഷേലർ നിയമസഭയിൽ ബിജെപിയുടെ ചീഫ് വിപ്പാകും.
അതേസമയം, സത്യപ്രതിജ്‌ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആസാദ് മൈതാനത്ത് പുരോഗമിക്കുകയാണ്. തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫഡ്‌നാവിസ് നന്ദി അറിയിച്ചു. സംസ്‌ഥാനത്ത് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഫഡ്‌നാവിസിന്റെ വസതിക്ക് പുറത്ത് പാർട്ടി പ്രവർത്തകൻ ആഹ്ളാദ പ്രകടനം നടത്തി.
മഹാരാഷ്‌ട്രയിൽ ഇന്ത്യാ സഖ്യത്തെ കടപുഴക്കിയാണ് എൻഡിഎ വിജയിച്ചത്. ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ഉൾപ്പെടുന്ന മഹായുതി 288ൽ 234 സീറ്റുമായാണ് ഭരണം നിലനിർത്തിയത്.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം