തിരുവനന്തപുരം: പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്‌തുകൊണ്ടുള്ള വികസന പദ്ധതികൾ ഒരു സമൂഹത്തിനും ചേർന്നതല്ലെന്ന് പ്രൊഫ.മാധവ് ഗാഡ്‌ഗിൽ. കേരള സുസ്‌ഥിര വികസന സമിതിയും ദേശീയ വിവരാവകാശ കൂട്ടായ്‌മയും ‘അതിവേഗപ്പാത അതിവേഗ ദുരന്തത്തിലേക്കോ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ച ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ പേരിൽ നടക്കുന്ന അമിത വിഭവചൂഷണം അപകടമാണ്. പശ്‌ചിമഘട്ടത്തിൽ സംഭവിച്ച അപകടം തിരിച്ചറിയേണ്ടതാണ്. അനിയന്ത്രിതമായ ചൂഷണമാണ് സംസ്‌ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രകൃതി ദുരന്തങ്ങൾക്കും കാരണം. സംസ്‌ഥാനത്തെ 90 ശതമാനം ക്വാറികളും നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയോ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെയോ അനുമതി ഇവയ്‌ക്കില്ല. അധികാര വികേന്ദ്രീകരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇത്തരം നിയമവിരുദ്ധ ക്വാറികളുടെ പ്രവർത്തനം തടയാൻ കഴിയുന്നില്ല. ജനങ്ങളുടെ പ്രതിഷേധം ഫലം കാണുന്നില്ല.
പല ദുരന്തങ്ങൾക്കും സാക്ഷിയായി ക്വാറികൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവയുടെ നടത്തിപ്പിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും പങ്കുണ്ട്. ഇവരെല്ലാം ഇതിൽ നിന്ന് പണമുണ്ടാക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനം സംബന്ധിച്ചുള്ള പല കണക്കുകളും ഊതിപ്പെരുപ്പിച്ചതാണ്. പ്രകൃതിക്ക് ഇണങ്ങിയ വികസന പദ്ധതികളാണ് നടപ്പാക്കേണ്ടത്. ഏത് വികസന പദ്ധതിയെ കുറിച്ച് ചിന്തിക്കുമ്പോഴും ഇതേക്കുറിച്ച് ബോധമുണ്ടായിരിക്കണമെന്നും ഗാഡ്‌ഗിൽ പറഞ്ഞു.
കേരള സുസ്‌ഥിര വികസന സമിതി ചെയർമാൻ ജോർജ് സെബാറ്റ്യൻ മോഡറേറ്ററായി. ഡോ.എംജി ശശിഭൂഷൺ, ആർവിജി മേനോൻ എന്നിവർ സംസാരിച്ചു.
Also Read: കോൺഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി; ജോജുവിന്റെ വീടിന് പോലീസ് സുരക്ഷ