കൊച്ചി: റോഡ് ഗതാഗതം തടസപ്പെടുത്തിയുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരത്തിന് എതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വീടിന് നേരെ ഭീഷണി. ഇതേത്തുടർന്ന് ജോജുവിന്റെ മാളയിലുളള വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മാളയിലുളള വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു.
ഇന്ധന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധ സമരത്തിന് എതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. ഗതാഗത കുരുക്കില്‍പെട്ട് ഏറെ നേരം കാത്തിരുന്ന ജോജു വാഹനത്തില്‍ നിന്ന് ഇറങ്ങുകയും സമരക്കാരുടെ അടുത്ത് എത്തി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു.
“രോഗികൾ ഉള്‍പ്പടെയുള്ളവര്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നു. നാട് ഭരിക്കേണ്ടവരാണ് ഇത്തരത്തില്‍ അപക്വമായി പെരുമാറുന്നത്. വിലവർധനയിൽ പ്രതിഷേധിക്കണം, പക്ഷേ ജനങ്ങളെ ഉപദ്രവിക്കരുത്,”- ജോജു പ്രതിഷേധക്കാരോട് പറഞ്ഞു.
ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റമുണ്ടായി. റോഡ് ഉപരോധിച്ച് സമരം നടത്തിയ സംഭവത്തില്‍ കണ്ടാലറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയും, ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ കണ്ടാലറിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയും മരട് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റർ ചെയ്‌തു. ജോജു ജോര്‍ജിനെതിരായ ആരോപണങ്ങളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കേസ് എടുത്തിട്ടില്ലെന്നും വ്യക്‌തമാക്കി.
Most Read: നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ ഉത്തരവ്