ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ഉടൻ ആരംഭിക്കും. ഗംഗാവലി പുഴയിൽ ഡ്രഡ്‌ജർ ഉപയോഗിച്ച് മണ്ണ് നീക്കിയാണ് തിരച്ചിൽ നടത്തുക. കാർവാറിൽ നിന്ന് പുഴയിലൂടെ മഞ്ചുഗുണി പാലത്തിന് സമീപം എത്തിയ ഡ്രഡ്‌ജർ ഇന്നലെ രാത്രിയോടെ ഷിരൂരിലേക്ക് പുറപ്പെട്ടിരുന്നു,
രാവിലെ പത്തരയോടെ ഡ്രഡ്‌ജർ മണ്ണിടിച്ചിൽ ഉണ്ടായ സ്‌ഥലത്ത് എത്തിക്കാമെന്നാണ് കരുതുന്നത്. ഈ നിശ്‌ചിത സ്‌ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ വേണ്ടിവരും. നാവികസേനയുടെ ഡൈവർമാരുടെ സംഘം ഉച്ചയ്‌ക്ക് ശേഷം എത്തിയേക്കും. നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹഭാഗങ്ങൾ കണ്ടിടത്താകും ആദ്യഘട്ട തിരച്ചിൽ നടത്തുക.
പുഴയിലെ അടിത്തട്ടിന്റെ സ്‌ഥിതി വിലയിരുത്തി നാവികസേനയുടെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം തുടർനടപടി നിശ്‌ചയിക്കുക. ഓഗസ്‌റ്റ് 16നാണ് മോശം കാലാവസ്‌ഥയെ തുടർന്ന് അർജുനായുള്ള തിരച്ചിൽ നിർത്തിവെച്ചത്. ജൂലൈ 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്.
Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി