കോഴിക്കോട്: പന്തലായനി വില്ലേജ് ഓഫീസിന് മുന്നിൽ സത്യഗ്രഹവുമായി വയോധികയും കുടുംബവും. സ്വയംതൊഴിൽ ചെയ്യാൻ വായ്‌പ ലഭിക്കുന്നതിനുവേണ്ട സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് നിർധന കുടുംബം പ്രതിഷേധിച്ചത്. വലിയമങ്ങാട് കിഴക്കെപുരയിൽ മല്ലികയും (72) കുടുംബവുമാണ് നീതി നിഷേധത്തിനെതിരെ സത്യഗ്രഹം നടത്തിയത്.
മല്ലികയുടെ മൽസ്യ തൊഴിലാളിയായിരുന്ന മകൻ നട്ടെല്ലിനു പരുക്കേറ്റു കിടപ്പിലാണ്. അതുകൊണ്ട് തന്നെ കഠിനമായ ജോലികളൊന്നും ചെയ്യാൻ കഴിയില്ല. ദുരിതത്തിലായ കുടുംബം വരുമാന മാർഗം കണ്ടെത്തുന്നതിന് സ്വയം തൊഴിൽ വായ്‌പക്ക് അപേക്ഷിച്ചിരുന്നു.
വായ്‌പ ലഭിക്കാൻ വീടും സ്‌ഥലവും ഉൾപ്പെടുന്ന വസ്‌തുവിന്റെ മൂല്യനിർണയ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇതിനായി വില്ലേജ് ഓഫീസിൽ 2020 ഡിസംബർ 3ന് അപേക്ഷ നൽകി. എന്നാൽ 18 തവണ വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയിട്ടും കുടുംബത്തിന് സർട്ടിഫിക്കറ്റ് ലഭിച്ചില്ല.
ഒടുവിൽ സാന്ത്വനം അദാലത്തിൽ പരാതി നൽകി. രണ്ട് ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും മൂന്ന് ആഴ്‌ച കഴിഞ്ഞിട്ടും ലഭിക്കാഞ്ഞതിനെ തുടർന്നാണ് പന്തലായനി വില്ലേജ് ഓഫീസിന് മുന്നിൽ സത്യഗ്രഹം നടത്തിയത്. സർട്ടിഫിക്കറ്റ് നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉടനെ നൽകുമെന്നു വില്ലേജ് ഓഫീസർ വികെ ജയൻ പറഞ്ഞു.
Also Read: വേനലിൽ ഉണങ്ങി വരണ്ട് വനാതിർത്തികൾ; കാട്ടുതീ തടയാൻ നീക്കവുമായി വനംവകുപ്പ്