വയനാട് : വേനൽ കടുത്തതോടെ കാട്ടുതീ പടരാതിരിക്കാൻ വനപാലകരുടെ നേതൃത്വത്തിൽ കർശന ജാഗ്രത. കരിഞ്ഞുണങ്ങിയ കർണാടക വനത്തിൽ നിന്നു തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വന്യജീവി സങ്കേതം അതിർത്തിയിൽ കർശന ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബന്ദിപ്പൂർ, നാഗർഹൊളെ എന്നീ കടുവ സങ്കേതങ്ങൾ കരിഞ്ഞുണങ്ങിയതോടെ ആണ് കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കേരള അതിർത്തിയിൽ ശക്‌തമായ മുൻകരുതലുകൾ സ്വീകരിച്ചത്.
അതിർത്തി പ്രദേശത്തെ പാതയോരങ്ങളിൽ ഉള്ള ഉണങ്ങിയ ഇലകൾ നീക്കം ചെയ്‌ത് കാട്ടുതീ പടരാനുള്ള സാധ്യത ഇല്ലാതാക്കാനാണ് വനംവകുപ്പ് പ്രധാനമായും ശ്രദ്ധിക്കുന്നത്. കൂടാതെ വാച്ചർമാരുടെ നേതൃത്വത്തിൽ കാവലും, പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. ബേഗൂര്‍ വാച്ച്ടവറിലെ നിരീക്ഷണ സംഘം കാട്ടുതീയുണ്ടായാലുടന്‍ വിവരം നല്‍കുന്നുണ്ട്. കുറിച്യാട് റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷ് കുമാർ, വണ്ടിക്കടവ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി ശശികുമാര്‍ എന്നിവരുടെ നേതൃത്തത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ജനവാസ മേഖലക്ക് സമീപത്ത് വനം ഉണങ്ങി നിൽക്കുന്നതിനാൽ ഗ്രാമങ്ങളിലേക്ക് തീ പടരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ ഈ പ്രദേശത്ത് അതിർത്തി ഭാഗത്ത് 50 മീറ്റർ വീതിയിൽ അടിക്കാടുകൾ വെട്ടി മാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇത്തരത്തിൽ ചെയ്‌താൽ കാട്ടുതീ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഗ്രാമത്തിലേക്ക് തീ പടരുന്നത് പരമാവധി ഒഴിവാക്കാൻ സാധിക്കും. കാട്ടുതീ പ്രതിരോധത്തിനു കടുവ സങ്കേതങ്ങള്‍ക്കു വന്‍തുക ലഭിക്കാറുണ്ടെങ്കിലും ജനങ്ങളുടെ ഈ ആവശ്യത്തിന് നേരെ അധികൃതർ കണ്ണടക്കുകയാണെന്ന പരാതിയും വലിയ രീതിയിൽ ഉയരുന്നുണ്ട്.
Read also : ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഹരജിയുമായി ഇഡി സുപ്രീം കോടതിയിൽ