മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് കൂടി നടക്കുന്ന മലപ്പുറത്ത് ക്രമസമാധാന പാലനത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി വിന്യസിക്കുന്നത് 3303 പോലീസ് ഉദ്യോഗസ്‌ഥരെ. പോളിങ് ബൂത്തുകളിലെ സേവനങ്ങൾക്കായി 3264 സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെയും നിയോഗിക്കും.
എക്‌സൈസ്, വിജിലൻസ്, ക്രൈംബ്രാഞ്ച്, ഫോറസ്‌റ്റ്, മോട്ടോർ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്‌ഥരെയും പോലീസിനൊപ്പം നിയോഗിക്കും. ഇതിന് പുറമേ 9 കമ്പനി കേന്ദ്ര സേനയും ജില്ലയിലെത്തും. ജില്ലയിലെ 34 പോലീസ് സ്‌റ്റേഷനുകളെ 10 സബ് ഡിവിഷനുകളാക്കി തിരിച്ചാണ് കേന്ദ്ര സേനയെ വിന്യസിക്കുക. 10 സബ് ഡിവിഷനുകളും അതാത് ഡിവൈഎസ്‌പിമാരുടെ നിയന്ത്രണത്തിലാകും.
28 ഡിവൈഎസ്‌പിമാർ, 51 ഇൻസ്‌പെക്‌ടർ, എസ്ഐ, എഎസ്ഐ റാങ്കിലുള്ള 704 ഉദ്യോഗസ്‌ഥർ എന്നിവർ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വിവിധ സ്‌ഥലങ്ങളിൽ സുരക്ഷക്കായി ഉണ്ടാകും. സൈന്യത്തിൽ നിന്നും പോലീസിൽ നിന്നും വിരമിച്ചവർ, 18 വയസ് പൂർത്തിയായ സ്‌പെഷ്യൽ പോലീസ് കേഡെറ്റുകൾ, എൻസിസി കേഡെറ്റുകൾ എന്നിവരെ പോളിങ് ബൂത്തുകളിൽ സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിക്കും.
നിലവിൽ രണ്ട് കമ്പനി കേന്ദ്രസേന ജില്ലയിൽ എത്തിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഒഴുക്കും പണമൊഴുക്കും തടയാനായി വഴിക്കടവ് ചെക്‌പോസ്‌റ്റിൽ നടക്കുന്ന വാഹന പരിശോധനയിൽ കേന്ദ്ര സേനയും പങ്കെടുക്കുന്നുണ്ട്. നിലമ്പൂർ, കൊണ്ടോട്ടി, താനൂർ, തിരൂർ, പൊന്നാനി മേഖലകളിലായി കേന്ദ്ര സേന പ്രതിദിന റൂട്ട് മാർച്ചും നടത്തുന്നുണ്ട്.
അതേസമയം, ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിൽ പോലീസും കേന്ദ്ര സേനയും ശക്‌തമായ സുരക്ഷ ഒരുക്കും. ഇവിടങ്ങളിൽ സിസിടിവി കാമറ സജ്‌ജീകരിക്കും. ആകെയുള്ള 98 പ്രശ്‌നബാധിത ബൂത്തുകളിൽ നിലമ്പൂർ ഉൾപ്പെടെയുള്ള മലയോര മേഖലകളിലും പൊന്നാനി, തിരൂർ, താനൂർ, തിരൂരങ്ങാടി തുടങ്ങിയ തീരദേശ മേഖലയിലുമാണ് കൂടുതലും ഉള്ളത്. മാവോയിസ്‌റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിൽ തണ്ടർബോൾട്ട് പരിശോധന നടത്തും.
Malabar News: ഇരിക്കൂറിൽ സമവായ ശ്രമങ്ങൾ സജീവം; ഉമ്മൻ ചാണ്ടി ഇന്ന് കണ്ണൂരിൽ