കോഴിക്കോട്: വ്യാജരേഖ ഉണ്ടാക്കി സ്വർണ കടത്ത് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്കെതിരെ വീണ്ടും കേസ്. കരിപ്പൂർ വിമാനത്താവളത്തിൽ ഗൾഫിൽ നിന്നും കടത്തിക്കൊണ്ടുവന്ന സ്വർണം കസ്‌റ്റംസ് പിടികൂടിയെന്ന വ്യാജരേഖ ഉണ്ടാക്കി കടത്ത് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഷംഷാദിനെതിരെയാണ് പോലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.
കൊയിലാണ്ടി ജയിലിന് ഉള്ളിലേക്ക് സിംകാർഡ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതാണ് ഇയാൾക്കെതിരെയുള്ള പുതിയ കേസ്. വ്യാജരേഖ ഉണ്ടാക്കിയ കേസിൽ ഷംഷാദ് പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ തെളിവെടുപ്പിന് ശേഷം കൊയിലാണ്ടി ജയിലിലേക്ക് കൊണ്ടുപോയപ്പോഴാണ് സിം കാർഡ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിന് ശേഷം പ്രതിയെ ജയിലിലേക്ക് കൈമാറിയപ്പോൾ അധികൃതർ നടത്തിയ സ്‌ക്രീനിങ്ങിലാണ് ഷംഷാദിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സിംകാർഡും മെമ്മറി കാർഡും കണ്ടെത്തിയത്.
അതേസമയം, സ്വർണം പിടിച്ചെടുത്തെന്ന വ്യാജരേഖ ഉണ്ടാക്കിയ കേസിലെ മറ്റൊരു പ്രതിയായ ഹനീഫയെ അജ്‌ഞാതർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണനത്തിനിടെയാണ് ഷംഷാദ് പിടിയിലായത്.
Read Also: കൈനകരിയിൽ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച പ്രതി പിടിയിൽ